പെരുന്നാൾ; ഉണർവ് പ്രതീക്ഷിച്ച് മത്ര സൂഖ്
text_fields: പെരുന്നാൾ അടുത്തെത്തിയിട്ടും വിപണി മാന്ദ്യത്തിന്റെ പിടിയില്‍ മത്ര സൂഖ്. ആഘോഷങ്ങള്‍ക്ക് ചുരുങ്ങിയ ദിവസം മാത്രം ശേഷിക്കെ സീസണ് തിരക്ക് ഇനിയും രൂപപ്പെടാത്തത് വ്യാപാര മേഖലയിലുള്ളവരില്‍ നിരാശ പടര്‍ത്തി. മാസം പകുതി പിന്നിട്ടയുടന്‍ പെരുന്നാൾ വന്നുചേര്ന്നതിനാലും ശമ്പളസമയമല്ലാത്തതും കാരണമാണ് വിപണനം സജീവമാകാന്‍ വൈകുന്നത്. 16, 18 തീയതികളിലായി ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കുമെന്നാണ് അറിയുന്നത്.
അതോടെ വിപണിക്ക് ഉന്മേഷം കൈവരുമെന്ന പ്രതീക്ഷയാണ് പൊതുവേയുള്ളത്. അതേസമയം, റമദാന് ഇരുപത് പിന്നിട്ടതോടെ പാതയോരങ്ങളും സൂഖിന്റെ വിവിധ ജങ്ഷനുകളും തെരുവുകച്ചവടക്കാര്‍ കൈയടക്കിയിരിക്കുന്ന കാഴ്ചകളാണ് എങ്ങും. പെരുന്നാള്‍ പോലുള്ള വിശേഷാവസരങ്ങളില്‍ അധികൃതര്‍ നല്കുന്ന ഇളവും മൗനാനുവാദവും തെരുവുകച്ചവടത്തെ സജീവമാക്കുന്ന ഘടകമാണ്. സൂഖിന്റെ കവാടം മുതല്‍ മറുതലവരെ വിവിധ കച്ചവടക്കാര്‍ തെരുവ് കീഴടക്കിയ പ്രതീതിയാണുള്ളത്. സൂഖ് കവാടത്തിലെ ഇരുവശവുമുള്ള മിഷാഖീഖ് (ചുട്ടയിറച്ചി) കച്ചവടം പൊടിപാടിക്കുന്നുണ്ട്. കൂടാതെ ഉപ്പിലിട്ട മാങ്ങയും വിവിധയിനം മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന തട്ടുകളും അണിനിരന്നതോടെ സൂഖ് ഉത്സവ പ്രതീതിയിലാണ്. സാന്യോ ചതുരത്തില്‍ ചെരുപ്പുകളുടെ തട്ടുകളാണ് പ്രധാനമായുമുള്ളത്.
വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കും എന്നതിനാല്‍ അവിടങ്ങളിലൊക്കെ തിരക്ക് വരുംദിവസങ്ങളില്‍ വര്‍ധിക്കും. ഫാര്‍മസി സ്ക്വയറില്‍ ഇമിറ്റേഷന്‍ ആഭരണങ്ങളുടെ കച്ചവടമാണ് തെരുവില്‍ നടക്കുന്നത്. 18നാണ് ശമ്പളം ലഭിക്കുന്നതെങ്കില്‍ അവസാന രണ്ടു മൂന്നു ദിവസങ്ങളില്‍ സൂഖില്‍ നല്ല തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.