ചൂടിന് ആശ്വാസമായി മത്രയിൽ സുലൈമാൻ മനീന്റെ തണ്ണീര്‍ പന്തല്‍
text_fieldsമത്ര: കനത്തചൂടില്‍ വെന്തുരുകുമ്പോള്‍ ആശ്വാസമായി സുലൈമാൻ മനീന് ജുമായുടെ തണ്ണീര്‍ പന്തല്‍. കൊടും ചൂടില്‍ വിയര്‍ത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും താമസയിടങ്ങളില്‍ ഫ്രിഡ്ജ് ഇല്ലാത്തവർക്കുമൊക്കെ മത്രയിലെ സുലൈമാന്‍ എന്ന സ്വദേശിയുടെ ഈ കൂളർ വലിയൊരാശ്രയമാണ്.
കേവലം ഒരു കൂളര്‍ സ്ഥാപിച്ച് അടങ്ങിയിരിക്കുകയല്ല ഈ സ്വദേശി വയോധികൻ. ദിവസവും രാവിലെ കൂളറും പരിസരവും വൃത്തിയാക്കി പരിപാലിക്കുന്നു. ഒരു ചര്യ പോലെ തുടരുന്ന സഹജീവി സ്നേഹത്തിന്റെ ഈ ഉദാത്ത മാതൃക വര്‍ഷങ്ങളായി തുടരുന്നതില്‍ സംതൃപ്തി കണ്ടെത്തുകയാണ് സുലൈമാന്‍ മനീന്. മത്ര സൂഖ് കവാടത്തിനരികിലുള്ള സുലൈമാന്റെ വീട്ടുമുറ്റത്ത് സജ്ജമാക്കിയ തണ്ണീര്‍ പന്തലിലെ കൂളറില്‍നിന്നും നിരവധി പേരാണ് ശീതീകരിച്ച വെള്ളം ഉപയോഗിക്കുന്നത്.
ഇവിടന്ന് ഏതുനേരവും ഒരു നിയന്ത്രണവുമില്ലാതെ ആവശ്യത്തിനുള്ള വെള്ളം ശേഖരിച്ചു മടങ്ങാം. കൊടുംചൂടില്‍ ജോലി ചെയ്യുന്നവരും സമീപത്തുള്ള താമസക്കാരും റൂമുകളില്‍ കൂളര്‍ സൗകര്യമില്ലാത്തവരുമായ നിരവധി പേരാണ് വിവിധ പാത്രങ്ങളുമായി വന്നു പകലന്തിയോളം തണുത്ത വെള്ളം ശേഖരിച്ചു പോകുന്നത്.
അതിനുവേണ്ടുന്ന സൗകര്യങ്ങൾ സുലൈമാന്‍ ഇവിടെ ഒരുക്കി വെച്ചിട്ടുമുണ്ട്. പാത്രങ്ങളില്ലാതെ വരുന്നവര്‍ക്ക് വെള്ളവുമായി മടങ്ങാന്‍ ആവശ്യമായ ബോട്ടിലുകളും സുലൈമാന്‍ ഇവിടെ സജ്ജമാക്കി വെച്ചിട്ടുണ്ട്.കൂളറില്‍ വെള്ളം ശുചീകരിക്കാന്‍ ഫില്‍റ്റര്‍ സ്ഥാപിക്കുകയും അതു മുറതെറ്റാതെ വൃത്തിയാക്കാനും സുലൈമാൻ സമയം കണ്ടെത്തുന്നു. ഫില്‍റ്റര്‍ അൽപം പഴകിയാല്‍ പുതിയത് മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നതാണ് രീതി. വീട്ടുമുറ്റത്ത് സ്ഥാപിച്ച കൂളറിനും വെള്ളമെടുക്കാന്‍ വരുന്നവര്ക്കൂം തണലേകാന്‍ മരങ്ങളും വെച്ചുപിടിപ്പിച്ചാണ് സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത്. സമീപത്തുതന്നെ പക്ഷിമൃഗാദികള്‍ക്കും പാത്രങ്ങളില്‍ വെള്ളം വേറെ പിടിച്ചു നല്‍കുകയും ചെയ്യുന്നു.
സുലൈമാന്‍ ആകെയുള്ള ഒരു നിബന്ധന വെള്ളം ദുരുപയോഗം ചെയ്യരുതെന്നാണ്. കുടിക്കാനായി സംവിധാനിച്ചുവെച്ച കൂളറില്‍നിന്ന് ഷോപ്പ് തുടക്കാനും മറ്റും വെള്ളം കൊണ്ടു പോകുന്നുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വിവിധ ഭാഷകളില്‍ ഒരു ബോർഡ് സ്ഥാപിച്ചുയെന്നത് മാത്രമാണ് ഇവിടെ നിയന്ത്രണമെന്നോണം വെച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.