പടച്ചവൻ നമ്മളെ രക്ഷിക്കട്ടെ !
text_fieldsലക്ഷദ്വീപിൽ അധ്യാപകനായി ചേർന്നത് 1995 മാർച്ച് മാസത്തിലാണ്. ചെത്തിലത്ത് എന്ന മനോഹരമായ ദ്വീപിൽ എന്നെ എത്തിച്ചത് എം.വി. ഭാരത് സീമ എന്ന കപ്പലായിരുന്നു. കൊച്ചിയിൽനിന്ന് കപ്പൽ പുറപ്പെടുന്നത് രാവിലെ 10നാണ്. പുതിയ ലോകവും പുതിയ ആകാശവും കീഴടക്കാനുള്ള ആവേശത്തിലായിരുന്നു ഞാൻ. പക്ഷേ കൊച്ചിയുടെ പച്ചപ്പ് അകലേക് ഒഴുകി മാഞ്ഞപ്പോൾ എന്തോ എനിക്ക് ഒരു വല്ലാത്ത നൊമ്പരം. ഉച്ചയോടെ വിശപ്പും ദാഹവും തളർത്തി. കപ്പലിലെ ഫസ്റ്റ് ക്ലാസ് മെസിൽ പോലും കടുകെണ്ണയുടെ മണം കനച്ചു നിന്നു. എനിക്ക് മനംപിരട്ടലുണ്ടായി. മൂന്ന് ദിവസം ഞാൻ കഴിച്ചതിന്റെ മൂന്നിരട്ടി ഛർദിച്ചു. ആകെത്തളർന്ന് ഒരു പഴംതുണി കെട്ടുപോലെയാണ് ഞാൻ ദ്വീപിലെത്തിയത്.
ചെത്തിലെത്ത് ഗവ. സ്കൂളിലെ പ്യൂൺ ആറ്റക്കോയ എന്റെ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കാൻ ഉത്സാഹിച്ചു. ആഹാരത്തിന്റെ കാര്യങ്ങൾ ആറ്റക്കോയ ശ്രദ്ധിച്ചിരുന്നു. പതിയെ നോമ്പുകാലം ആരംഭിച്ചു. ആറ്റക്കോയ നോമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം ഓർപ്പെടുത്തി. ഞാൻ മൂളി കേട്ടുകൊണ്ടിരുന്നു. നോമ്പു തുടങ്ങിയതോടെ കവരത്തിയിൽനിന്ന് പുതുക്കിയ സമയക്രമം കിട്ടി. സ്കൂൾ സമയം പകുതിയായി. എന്റെ ഏകാന്തതയും വർധിച്ചു. ആറ്റക്കോയ എന്റെ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നിർത്തി. പകരം രാത്രിയിൽ എല്ലാം ഒരുമിച്ച് എത്തിച്ചു. പലഹാരങ്ങളും ബിരിയാണിയും രാത്രി നിറയെ - പകൽ ഒന്നുമില്ല. നോമ്പ് തുടങ്ങി ഒരാഴ്ച കഴിഞ്ഞ് കാണും എനിക്ക് കലശലായ പനി. രാത്രിയും ആ പകലും ഞാൻ ഒന്നും കഴിച്ചില്ല. വൈകീട്ട് പതിവ് പോലെ ആറ്റക്കോയ വന്നു. 'ഇന്ന് തേങ്ങാ പാലൊഴിച്ച കഞ്ഞിയാണ്'സാറിന് ജീരകക്കഞ്ഞി പിടിക്കില്ല നിങ്ങൾ നോമ്പിലാണല്ലോ? ആറ്റക്കോയ പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ കേട്ടു. വെള്ളം പോലും കുടിക്കാതെ 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. വിശപ്പും ദാഹവും പനിയുമൊക്കെയായി ഞാൻ തളർന്നിരുന്നു. ഒടുവിൽ ഞാൻ കഞ്ഞി കുടിച്ചു. എന്റെ ശരീരം പതുക്കെ പനിപ്പിടിയിൽനിന്ന് കുതറി മാറി.
പിറ്റേന്ന് ഞാൻ ആറ്റക്കോയക്ക് നന്ദി പറയാൻ കാത്തു നിന്നു. അയാൾ പറഞ്ഞു 'ലോകത്ത് വിശപ്പും വേദനയും എല്ലാവർക്കും ഉണ്ട്. എന്നാൽ ഉപവാസം അവനെ ജീവിത ദുഃഖങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തനാക്കുന്നു'...ഞാൻ മിഴിച്ചിരുന്നു. ഒരു വിദ്യാലയത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ഒരു ജീവനക്കാരെൻറ തിരിച്ചറിവ് എന്നെ വിനീതനാക്കി. 'പടച്ചവൻ നമ്മളെ രക്ഷിക്കട്ടെ ! ആറ്റക്കോയ ഇങ്ങനെ ആശംസിച്ചിട്ട് പതിയെ നിലാവുള്ള രാത്രിയിലേക്ക് നടന്നു. നോമ്പിന്റെ ആദ്യ നാളുകളിൽ ഞാൻ ആറ്റക്കോയയെ ഓർക്കാറുണ്ട്. തെങ്ങോലകൾക്കിടയിൽ പള്ളി മിനാരങ്ങളുടെ ഇടയിലൂടെ കാണുന്ന വെൺചന്ദ്രിക പോലെ !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.