സോക്കർ കാർണിവലിന് താളം മുറുകുന്നു; ആഘോഷരാവുകൾക്കൊരുങ്ങി മസ്കത്ത്
text_fieldsഗൾഫ് മാധ്യമം മീ ഫ്രണ്ട് ‘സോക്കർ കാർണിവലു’മായി ബന്ധപ്പെട്ട കാര്യങ്ങൾ സംഘാടകർ വാർത്താമ്മേളനത്തിൽ
വിശദീകരിക്കുന്നു
മസ്കത്ത്: ഗൾഫ് മാധ്യമത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ മീ ഫ്രണ്ട് സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവലി’ന്റെ രണ്ടാം പതിപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മസ്കത്തിലെ കായിക-കലാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘സോക്കർ കാർണിവൽ’ ഏപ്രിൽ 17, 18 തീയതികളിലായി ബൗഷർ ക്ലബ് സ്റ്റേഡിയത്തിലാണ് അങ്ങേറുക. രണ്ട് ദിവസങ്ങളിലും പ്രവേശനം സൗജന്യമാണ്. മുൻ ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത്, മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ പെപെ എന്ന ആന്റണി വർഗീസ്, കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഡെയിൻ ഡേവിസ് എന്നിവർ ആഘോഷരാവിന് മാറ്റുകൂട്ടനായി എത്തും.
കെട്ടിലും മട്ടിലും ഏറെ പുതുമയോടെയാണ് ഇത്തവണ സോക്കർ കാർണിവൽ എത്തുന്നത്. 16 ടീമുകൾ മസ്കത്തിലെ സെവൻസ് ഫുട്ബാളിന്റെ കിരീടത്തിനായി ഒരു ഭാഗത്ത് പൊരുതുമ്പോൾ, മറുഭാഗത്ത് രുചിമേളങ്ങളും കലാപ്രകടനങ്ങളുമായി ബൗഷർ ക്ലബ് സ്റ്റേഡിയം ആനന്ദത്തിലാറാടും. കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷിക്കാൻ കഴിയുന്ന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ആകർഷകമായ സമ്മാന തുകയാകും നൽകുക. കളിക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാകും.
സന്ദർശകർക്കായി രുചി വൈവിധ്യങ്ങളുടെ ലോകമായിരിക്കും ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ ഒരുക്കുക. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങൾ ഇവിടെ നിന്ന് ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ഇരുപതിലധികം സ്റ്റാളുകളുമുണ്ടാകും. മലബാർ വിഭവങ്ങൾക്കൊപ്പം കേരളത്തിന്റെ തനത് ഇനങ്ങൾക്കായി പ്രത്യേക ഇടങ്ങളുമുണ്ടാകും. ഒപ്പം രാജ്യത്തെ പ്രമുഖ റെസ്ററൊറൻറുകൾ ഒരുക്കുന്ന ലൈവ് കൗണ്ടറിൽനിന്നും കാണികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വാങ്ങാൻ കഴിയും.
മസ്കത്തിലെ സ്ത്രീ കൂട്ടായ്മകളടെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളുകൾ, വിവിധ തരം ചോക്ലേറ്റുകൾ, ഫാൻസി ഇനങ്ങൾ, മിഠായികൾ, മെഹന്തി എന്നിവയും കാർണിവലിന്റെ ആകർഷകമാകും. കാർണിവലിന്റെ രണ്ടാം ദിനത്തിൽ കുട്ടികൾക്കും കുടുംബത്തിനും ആസ്വദിക്കാവുന്ന വിവിധ വിനോദ പരിപാടികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിൽ വിജയികളാകുന്നവർക്ക് കൈ നിറയെ സമ്മാനങ്ങൾ നേടാനാകും. കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിന്റിങ്, ഷൂട്ടൗട്ട്, മറ്റ് മത്സരങ്ങളും നടക്കും. സ്പോട്ട് മത്സരങ്ങളും പ്രേക്ഷകരെ പങ്കാളികളായിയുള്ള വിവിധങ്ങളായ കലാപ്രകടനങ്ങളും നടക്കും.വാർത്ത സമ്മേളനത്തിൽ ഗൾഫ് മാധ്യമം റെസിഡന്റ് മാനേജർ അഫ്സൽ അഹമ്മദ്, മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ്സ് റീജനൽ മാർക്കറ്റിങ് മാനേജർ ഹാരിസ് ശംസുദ്ദീൻ, ലുലു എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ബിനോദ് കുമാർ ദാസ്, സോക്കർ കാർണിവൽ പ്രേഗ്രാം കൺവീനർ സൈതാലി ആതവനാട്, ഫുഡ്ലാന്റ്സ് റെസ്റ്റാറന്റ് ഓപറേഷൻ മാനേജർ മുഹമ്മദ് ഉസ്മാൻ ഫാസിൽ എന്നിവർ പങ്കെടുത്തു.
നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് , ബദർ അൽ സമ, ലുലു എക്സ്ചേഞ്ച് എന്നിവരാണ് സോക്കർ കാർണിവലിന്റെ മുഖ്യ പ്രായോജകർ.
പാരാമൗണ്ട് , അൽ ഉഫൂക്, റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഫുഡ്ലാൻറ്സ് റെസ്റ്റാറന്റ് , റുബുഅ ടോപ് ടെൻ, മാക് 12, ഈസി സ്റ്റോർ, പ്രോസോൺ സ്പോർട്സ് അക്കാദമി എന്നിവരാണ് സഹ പ്രായോജകർ. കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന പരിപാടിയുടെ കോഓഡിനേഷൻ നിർവഹിക്കുന്നത് ഇന്റലിജന്റ് ഇവന്റ് ആണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.