മക്ക ഹറം സുരക്ഷ; 200ലധികം സ്മാർട്ട് വാൾ സ്ക്രീനുകൾ
text_fieldsമക്ക: മക്ക ഹറം പരിസരത്തെ സുരക്ഷ നിരീക്ഷിക്കാൻ 200ലധികം സ്മാർട്ട് വാൾ സ്ക്രീനുകൾ. മക്കയിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലാണ് ഇത്രയും സ്മാർട്ട് വാൾ സ്ക്രീനുകൾ ഒരുക്കിയിരിക്കുന്നത്. മക്കയിലേക്കുള്ള 11 പ്രധാന കവാടങ്ങൾ ഉൾപ്പെടെ മക്കയിലെ മുഴുവൻ സ്ഥലങ്ങളിലെയും സുരക്ഷാപദ്ധതികളുടെ പുരോഗതി കേന്ദ്രം നിരീക്ഷിക്കുന്നു. എട്ടിലധികം സുരക്ഷാനിയന്ത്രണ പോയന്റുകൾ, തത്സമയ ഫോളോ-അപ്പുകൾക്കായുള്ള ഏഴ് സുരക്ഷാമേഖലകൾക്കിടയിലെ സുരക്ഷാസാഹചര്യം എന്നിവയും കൈകാര്യം ചെയ്യുന്നു.
കൂടാതെ സുരക്ഷിതമായും ആസൂത്രണം ചെയ്തതനുസരിച്ചും സുരക്ഷ പദ്ധതി മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കുക, നിരീക്ഷണ പ്രവർത്തനങ്ങൾ മക്കയുടെ എല്ലാ പ്രദേശങ്ങളിലും ഡിസ്ട്രിക്ടുകളിലും കൈമാറുക, ഹറം പരിധിയിലെ സുരക്ഷാപ്രവർത്തനങ്ങൾ അതിന് ഉത്തരവാദിത്തമുള്ള ഹറം ഓപറേഷൻ റൂമിലേക്ക് കൈമാറുക എന്നതും കേന്ദ്രം നിർവഹിക്കുന്ന പ്രവർത്തനങ്ങളിലുൾപ്പെടും. റമദാനിലെ ഉംറ സീസൺ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഹൃദയമിടിപ്പാണ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ. തീർഥാടകരെയും സന്ദർശകരെയും സേവിക്കുന്നതിനുള്ള തയാറെടുപ്പിന്റെ വിപുലമായ ഘട്ടങ്ങളിലെത്താൻ വളരെ നേരത്തെ തന്നെ ഈ കേന്ദ്രത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യകളാൽ പ്രവർത്തിക്കുന്ന കേന്ദ്രം സുരക്ഷാമേഖലകളുമായി ഏകോപിപ്പിച്ച് ജോലികൾ ചെയ്യുന്നതിനും തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തത്സമയ തുടർനടപടികൾ നൽകുന്നതിനും സുരക്ഷാപദ്ധതികൾ പൂർണമായി നടന്നേക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഹറമിലെ സെക്യൂരിറ്റി ഓപറേഷൻസ് സെന്ററുമായും യൂനിഫൈഡ് ഓപറേഷൻസ് സെന്റർ 911 മായി നേരിട്ട് ബന്ധിപ്പിച്ചതിന് പുറമെയാണിത്. നിരവധി ആധുനിക സാങ്കേതിക സംവിധാനങ്ങളാൽ വ്യത്യസ്തമാണ് ഈ കേന്ദ്രം. സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി ഏകോപിപ്പിച്ചാണ് ഇതു പ്രവർത്തിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ‘ബസീർ’, ‘സവാഹർ’, ‘പബ്ലിക് സേഫ്റ്റി ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ്’ എന്നീ മൂന്ന് പ്ലാറ്റ്ഫോമുകൾ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.