പ്രവാസോത്സവത്തിൽ പങ്കെടുക്കാൻ കൊതിച്ച് ഈജിപ്ഷ്യൻ ബാലനും
text_fieldsസലാല: മീഡിയവൺ സലാലയിൽ ഒരുക്കുന്ന പ്രവാസോത്സവത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് സലാലയിൽ പ്രവാസികളായി കഴിയുന്ന ഈജിപ്ഷ്യൻ കുടുംബത്തിലെ കുട്ടിയായ മുഹമ്മദും സഹോദരങ്ങളും. സലാല ഇന്ത്യൻ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് വാസിഫ് ഇന്ത്യയെയും ഇന്ത്യക്കാരായ കൂട്ടുകാരെയും ഏറെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നു. സ്വന്തം വീട്ടിലും ഭക്ഷണശീലത്തിലും പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും മകന് ഇന്ത്യക്കാരെ അനുകരിക്കാൻ ഏറെ ഇഷ്ടമാണെന്ന് പിതാവ് വാസിഫ് സാക്ഷ്യപ്പെടുത്തുന്നു.
കൂട്ടുകാരിൽനിന്ന് കേട്ടറിഞ്ഞും സ്കൂൾ പരിസരത്ത് വിതരണം ചെയ്ത ഫ്ലയറുകൾ വഴിയുമാണ് മുഹമ്മദ് ഇന്ത്യൻ ചാനൽ സംഘടിപ്പിക്കുന്ന സംഗീതവിരുന്നിനെക്കുറിച്ചറിഞ്ഞത്. പിതാവിനോട് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഇന്ത്യക്കാരോട് ആത്മബന്ധം പുലർത്തുന്ന അദ്ദേഹം സംഘാടകരുമായി ബന്ധപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴര മുതലാണ് മീഡിയവൺ പ്രവാസോത്സവം ഇത്തീൻ മുനിസിപ്പൽ മൈതാനത്ത് നടക്കുക. സലാലയിലെ മലയാളി സമൂഹം ഏറെ ആഹ്ലാദത്തോടെയാണ് പ്രവാസോത്സവത്തെ വരവേൽക്കാൻ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.