മീഡിയവൺ മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാര വിതരണം ഇന്ന്
text_fieldsമസ്കത്ത്: പഠനത്തിൽ മികവ് പുലർത്തുന്ന ജി.സി.സിയിലെ വിദ്യാർഥികൾക്കുള്ള മീഡിയവൺ മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സിന്റെ ഒമാനിലെ പുരസ്കാര വിതരണം വെള്ളിയാഴ്ച മസ്കത്തിൽ നടക്കും. മസ്കത്ത് മിഡിലീസ്റ്റ് കോളജിൽ നടക്കുന്ന ചടങ്ങിൽ 450ൽപരം വിദ്യാർഥികളെ ആദരിക്കും. ശനിയാഴ്ച സലാലയിലും മബ്റൂക്ക് പുരസ്കാര വിതരണം നടക്കും.
യു.എ.ഇയും സൗദിയും ഖത്തറും പിന്നിട്ടാണ് മബ്റൂക്കിന് ഒമാൻ വേദിയാകുന്നത്. മസ്കത്ത് മിഡിലീസ്റ്റ് കോളജിൽ വൈകീട്ട് മൂന്നിന് പുരസ്കാര ജേതാക്കളുടെ രജിസ്ട്രേഷൻ ആരംഭിക്കും. ഒമാൻ തൊഴിൽ മന്ത്രാലയ ഉപദേശകൻ ഡോ. സൈഫ് മുഹമ്മദ് അബദുല്ല അൽ ബുസൈദി ഉദ്ഘാടനം ചെയ്യും.
മീഡിയവൺ മബ്റൂക്കിന് ജി.സി.സിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മീഡിയവൺ ജനറൽ മാനേജർ ബിസിനസ് ഡെവലപ്മെന്റ് ആൻഡ് ജി.സി.സി ഓപറേഷൻസ് സവാബ് അലി പറഞ്ഞു. ഇതിനകം 3000ത്തിൽപരം വിദ്യാർഥികളെ വിവിധ രാജ്യങ്ങളിൽ നടന്ന ചടങ്ങിൽ മീഡിയവൺ ആദരിച്ചു.
രക്ഷിതാക്കളും കുട്ടികളും പൊതുസമൂഹവും മബ്റൂക്കിനെ ഹൃദയം കൊണ്ട് സ്വീകരിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. ഒമാൻ കഴിഞ്ഞാൽ ബഹ്റൈനിലും പരിപാടി നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗൾഫാർ ഗ്രൂപ് ചെയർമാൻ ഡോ. പി. മുഹമ്മദാലി, മീഡിയ വൺ സി.ഇ.ഒ റോഷൻ കക്കാട്ട്, മിഡിലീസ്റ്റ് കോളജ് മാനേജിങ് ഡയറക്ടർ ലഫീർ മുഹമ്മദ്, ഒമാൻ ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടർ ഡോ. ശിവകുമാർ മാണിക്കം എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
പത്താം ക്ലാസിലും പ്ലസ്ടുവിലും 90 ശതമാനത്തിലേറെ മാർക്ക് നേടിയ വിദ്യാർഥികളെയാണ് ആദരിക്കുന്നത്. ഗൾഫ് ടെക്കിന്റെ സഹകരണത്തോടെയാണ് മീഡിയ വൺ മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ് ഒരുക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് സലാല ലുബാൻ പാലസ് ഹാളിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാണ് പുരസ്കാര വിതരണം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.