മീഡിയവൺ: ഐക്യദാർഢ്യവുമായി പ്രവാസിസമൂഹം
text_fieldsമസ്കത്ത്: ഇന്ത്യൻ ജനാധിപത്യം ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും സത്യം തുറന്നുപറയുന്നവരുടെ നാവിന് കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രവാസി സമൂഹം. മീഡിയവൺ വിലക്കിനെതിരെ 'മീഡിയൺ വ്യൂവേഴ്സ് ഫോറം'ഒമാൻ ഓൺലൈനിലൂടെ സംഘടിപ്പിച്ച 'ഒപ്പമ്മുണ്ട് പ്രവാസ ലോകം'ഐക്യദാർഢ്യ സംഗമത്തിലാണ് പ്രവാസിസമൂഹം പ്രതിഷേധം പങ്കുവെച്ചത്. ഇത് കേവലം മീഡിയവണിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും സംരക്ഷിക്കാനുള്ളതാണെന്നും സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഭാരണകൂടംതന്നെ ദേശമായി മാറിക്കൊണ്ടിരിക്കുന്ന കാലഘടത്തിലൂടയാണ് നാം കടന്നുപോകുന്നതെന്ന് മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ പറഞ്ഞു. തങ്ങൾക്ക് ദാസ്യപ്പണിയെടുക്കുന്നവരെ തലോടുകയും എതിർക്കുന്നവരുടെ വായ് മൂടിക്കെട്ടുകയും ചെയ്യുന്ന പ്രവൃത്തിയാണ് രാജ്യത്ത് നടക്കുന്നത്. മാധ്യമ സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. മുദ്രവെച്ച കവറിലൂടെ ഇല്ലാതാക്കിയ ജനാധിപത്യ അവകാശങ്ങളെ തിരിച്ചുപിടിക്കാനുള്ള വലിയ പോരാട്ടമാണ് മീഡിയവൺ നടത്തുന്നതെന്ന് മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ എസ്.എ. അജിംസ് പറഞ്ഞു. അന്തിമ വിജയം മീഡിയവണിനായിരിക്കുമെന്നും അതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾക്ക് ഇഷ്ടമല്ലാത്തത് പറയുന്ന മാധ്യമസ്ഥാപനങ്ങളെയും പ്രവർത്തകരെയും അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ചാനൽ വിലക്കെന്ന് മസ്കത്ത് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ യൂസുഫ് അഭിപ്രായപ്പെട്ടു. അറിയാനുള്ള അവകാശത്തെ അടിച്ചമർത്തുന്നത് നീതീകരിക്കാനാവില്ലെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ള കുമ്പളത്ത് പറഞ്ഞു. മീഡിയവണിനെ വിലക്കിയത് എന്തിനാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ജനാധിപത്യത്തിലെ കാതലായ വശങ്ങളിൽപെട്ട അറിയാനുള്ള അവകാശത്തെയാണ് ഇതിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് റയീസ് അഹമ്മദ് പറഞ്ഞു.
ഒ.ഐ.സി.സി ഒമാൻ നാഷനൽ അഡ്ഹോക് കമ്മിറ്റി കോഓഡിനേറ്റർ സജി ഔസേപ്, മസ്കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ് മുൻ കൺവീനറും സയൻസ് ഇന്ത്യ ഫോറം ഒമാന്റെ വൈസ് ചെയർമാനുമായ ഭാസ്കരൻ നായർ, പ്രവാസി വെൽഫെയർ ഒമാൻ ഒമാൻ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് വയനാട്, ഹസ്സൻ കീച്ചേരി (സോഷ്യൽ വെൽഫെയർ ഫോറം), ഇന്റർനാഷനൽ ഗാന്ധിയൻ തോട്ട്സ് ചെയർമാൻ എൻ.ഒ. ഉമ്മൻ, സിദ്ദീഖ് ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു. ഒമാനിലെ സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിരവധിപേർ സംഗമത്തിൽ പങ്കാളികളായി. മാധ്യമ പ്രവർത്തക ഹുസ്ന റസാാഖ് അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.