നബിദിന അവധി തിരുവോണ ദിവസം; മലയാളികൾ ആഘോഷ നിറവിൽ
text_fieldsമസ്കത്ത്: നബിദിന അവധിയും തിരുവോണവും ഒന്നിച്ചെത്തിയതോടെ മലയാളികൾ ആഘോഷ നിറവിൽ. നബിദിന അവധി തിരുവോണ നാളിൽ എത്തിയതാണ് മലയാളികൾക്ക് അനുഗ്രഹമായത്. ഒമാനിൽ നബിദിനം തിങ്കളാഴ്ചയാണെങ്കിലും പൊതു അവധി ഞായറാഴ്ചയാണ്.
ഇത് മലയാളികളുടെ ഓണാഘോഷ പൊലിമ വർധിക്കാൻ കാരണമായി. അതിനാൽ ഈ വർഷം ഒമാനിലെ ഓണാഘോഷം കെങ്കേമായിരിക്കും. കുടുംബമായും ഒറ്റക്കും താമസിക്കുന്ന മലയാളികൾ ഓണാഘോഷത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. എന്നാൽ, വയനാട് ദുരന്ത പശ്ചാത്തലത്തിൽ പല കൂട്ടായ്മകളും ഓണം പരിപാടികൾ പൊലിമ കുറച്ചാണ് നടത്തുന്നത്.
മുസ്ലിം സംഘടനകളും കൂട്ടായ്മകളും നബിദിന പരിപാടികളും ഗംഭീരമായി നടത്തുന്നുണ്ട്. ഒമാനിലെ വിവിധ ഇടങ്ങളിൽ റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ നബിദിന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. നബിദിനത്തിന്റെ ഭാഗമായി മസ്കത്ത് സുന്നി സെന്റർ മദ്റസയിൽ കലാത്ത് ആറിന് മൗലിദ് പാരായണം നടക്കും.
നബിദിനത്തിന്റെ ഭാഗമായ മദ്റസാ കുട്ടികളുടെ വിവിധ കലാപരിപാടികൾ അടുത്ത മാസം 12 ന് അൽ ഫലാജ് ഹോട്ടൽ ഹാളിലാണ് വിപുലമായ പരിപാടികളോടെ നടക്കുക. റബീഉൽ അവ്വൽ കാമ്പയിന്റെ ഭാഗമായി മസ്കത്ത് സുന്നീ സെന്റർ ഉംറ യാത്രയും സംഘടിപ്പിച്ചു.
ഹാഷിം ഫൈസിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെയാണ് സംഘം യാത്ര പുറപ്പെട്ടത്. മസ്കത്ത് സുന്നി സെന്റർ ഓഫിസിൽ റബീഉൽ അവ്വൽ ഒന്ന് മുതൽ എല്ലാ ദിവസവും രാവിലെ ആറ് മണിക്ക് മൗലിദ് പാരായണവും നടക്കുന്നുണ്ട്. വാദീ കബീർ, മത്ര, കോർണീഷ് എന്നിവിടങ്ങളിലും മൗലിദ് പാരായണവും നബി ദിന പ്രഭാഷണങ്ങളും ഉണ്ട്.
അമീറാത്തിൽ ഈ മാസം 20ന് നടക്കുന്ന പരിപാടിയിൽ സിംസാറുൽ ഹഖ് ഹുദവിയാണ് മീലാദ് പ്രഭാഷണം നടത്തുന്നത്. ഷാമിഖാത്ത് ഹാളിൽ രാത്രി ഒമ്പതിനാണ് പരിപാടി. മറ്റിടങ്ങളിൽ നടക്കുന്ന പരിപാടികളിലും നാട്ടിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്.
വിവിധ ഇടങ്ങളിൽ നബിദിന പ്രഭാഷണങ്ങളും മൗലിദ് പാരായണവുമാണ് നടക്കുന്നത്. ഒമാനിലെ മദ്റസകളിൽ നടക്കുന്ന നബിദിന പരിപാടികളിൽ ദഫ് മുട്ട് അടക്കമുള്ള പരിപാടികളും കുട്ടികളുടെ പ്രസംഗം, ഗാനം തുടങ്ങിയ കലാപരിപാടികളും നടക്കും.
നബിദിന അവധി ദിവസത്തിൽ തിരുവോണം എത്തിയത് മലയാളികൾക്ക് വലിയ അനുഗ്രഹമായി. പ്രവൃത്തി ദിവസങ്ങളിൽ ഓണം എത്തിയാൽ അത് മലയാളികളുടെ ആഘോഷത്തെ ബാധിക്കാറുണ്ട്. ഇത്തരം ദിവസങ്ങൾ പലർക്കും സാധാരണ ദിവസംപേലെ കടന്നു പോകാറുണ്ട്.
മലയാളികൾ നടത്തുന്ന കമ്പനിയാണെങ്കിലും അവധി ലഭിക്കുമെങ്കിലും പലരും സാധാരണ പോലെ ഓണ ദിവസവും ജോലിക്കെത്തുകയാണ് പതിവ്. എന്നാൽ ഈ വർഷം പൊതു അവധിയും വാരാന്ത്യവുമെക്കെ ഒത്ത് വരുന്നതിനാൽ എല്ലാ മലയാളികൾക്കും ഓണം ആഘോഷിക്കാൻ കഴിയും.
പലരും ഓണാഘോഷം താമസ ഇടത്ത് തന്നെയാണ് ഒരുക്കുക. വിവിധ സ്ഥലങ്ങളിൽ ഒറ്റക്ക് താമസിക്കുന്നവർ ഏതെങ്കിലും താമസ ഇടങ്ങളിൽ ഒത്തുകൂടിയും ആഘോഷം പൊലിപ്പിക്കും. കുട്ടായിരുന്ന സദ്യ ഒരുക്കിയും പൂക്കളം ഒരുക്കിയുമൊക്കെയാണ് ആഘോഷം നടത്തുക. പൊതു അവധി ആയതിനാൽ ഹോട്ടലുകളിൽ ഒരുക്കുന്ന ഓണ സദ്യക്കും ആവശ്യക്കാർ വർധിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.