സുഹാറിന്റെ മനംനിറച്ച് മെഗാതിരുവാതിര
text_fieldsസുഹാർ: മഴമാറി മാനംതെളിഞ്ഞ അന്തരീക്ഷത്തിൽ സുഹാറിൽ മെഗാതിരുവാതിര അരങ്ങേറി. സുഹാർ മലയാളിസംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി സഹകരിച്ചു നടത്തിയ മെഗാ തിരുവാതിരയിൽ മുന്നൂറോളം നർത്തകിമാരാണ് ചുവടുവെച്ചത്. സല്ലാനിലെ അൽ തരീഫ് ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന പരിപാടി ഒമാനിലെ കലാരംഗത്ത് പുത്തൻ ചരിത്രം എഴുതി ചേർത്താണ് തിരശ്ശീല വീണത്.
കേരളത്തിനു പുറത്തെ ‘കേരളം’ എത്ര സജീവമാണെന്നുള്ള തെളിവ് കൂടിയായിരുന്നു ഈ പരിപാടിയെന്ന് സംഘാടകർ പറഞ്ഞു. കൈകൊട്ടിക്കളി, കുമ്മികളി എന്ന പേരിലും അറിയപ്പെടുന്ന തിരുവാതിരക്കളിക്ക് 11 മിനിറ്റ് ദൈർഘ്യം ഉണ്ടായിരുന്നു. ഫുട്ബാൾ മാമാങ്കത്തിന് മാത്രം സാക്ഷിയാവുന്ന ഗ്രൗണ്ടിൽ മലയാളി മങ്കമാർ ആവേശത്തോടെ ചുവടുവെച്ചു മുന്നേറിയത് കാണികൾക്ക് നവ്യാനുഭവം പകർന്നു. നിലവിളക്കിന് ചുറ്റിലും പാട്ടിന്റെ താളത്തിനൊത്ത് പരസ്പരം കൈകൊട്ടിക്കൊണ്ടുള്ള ചുവട് വെപ്പ് ആസ്വദിക്കാൻ ആയിരക്കണക്കിനാളുകളെത്തിയിരുന്നു.
മസ്കത്തടക്കം ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തിരുവാതിര കാണാനായി ആളുകളെത്തി. മസ്കത്ത് പഞ്ചവാദ്യസംഘത്തിലെ മനോഹരനും ടീമും അവതരിപ്പിച്ച പഞ്ചവാദ്യത്തോടെ ആരംഭിച്ച പരിപാടിക്ക് ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്.
ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാർ പ്രസിഡന്റ് രാജേഷ് കൊണ്ഡല, സുഹാർ മലയാളി സംഘംഎപ്രസിഡന്റ് മനോജ് കുമാർ, ജനറൽ സെക്രട്ടറി വാസുദേവൻ പിട്ടൻ, ഭാരവാഹികളായ വാസുദേവൻ നായർ, സുനിൽ കുമാർ, ജ്യോതി മുരളിദാസ്,രാധിക ജയൻ, റിജു വൈലോപ്പള്ളി, ജയൻ മേനോൻ, കെ.ആർ.പി വള്ളികുന്നം എന്നിവർ പങ്കെടുത്തു.
സുഹാറിലെ അമ്മ ഡാൻസ് സ്കൂൾ,നവജ്യോതി ഡാൻസ് ഗ്രൂപ് എന്നിവർ അവതരിപ്പിച്ച ഗ്രൂപ് ഡാൻസ്, സുഹാർ മലയാളി സംഘം അംഗങ്ങളുടെ ഫ്ലാഷ് മോബ്, രാജേഷ് മാസ്റ്ററും സംഘവും അവതരിപ്പിച്ച വെസ്റ്റേൺ ഡാൻസ്, ബദറുൽ സമ ഹോസ്പിറ്റൽ സ്റ്റാഫിന്റെ ഗ്രൂപ് ഡാൻസ്, റിയ ആൻഡ് റിഫ, സന്തോഷ് ആൻഡ് അഭിജിത് എന്നിവരുടെ ഡാൻസ് പരിപാടിയും അരങ്ങേറി. ഏപ്രിൽ 19ന് നിശ്ചയിച്ച പരിപാടി ന്യൂനമർദ അസ്ഥിര കാലാവസ്ഥ കാരണം മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.