മനസ്സിന് കുളിർമ നൽകുന്ന ഓർമകൾ
text_fieldsസ്വദേശം കൊടുങ്ങല്ലൂരായതിനാൽ മുസ്ലിംകളുമായി ഇടപഴകി ജീവിക്കാൻ ധാരാളം അവസരം ലഭിച്ചിട്ടുണ്ട്. നോമ്പും പെരുന്നാളും ക്രിസ്മസും ഓണവും വിഷുവുമൊക്കെ ഇടകലർന്ന് ആഘോഷിക്കുന്ന കേരളീയ സമൂഹത്തിന്‍റെ പരിച്ഛേദം കൊടുങ്ങല്ലൂരിന്‍റെ പ്രത്യേകതയാണ്. ഫോട്ടോഗ്രാഫറായിട്ടാണ് 2013ൽ ഒമാനിൽ എത്തുന്നത്. അതുകൊണ്ടുതന്നെ എല്ലാവിധ പരിപാടികൾക്കും പങ്കെടുക്കാൻ ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. നോമ്പുതുറയുടെ ഭാഗമായി നിരവധി പരിപാടികളിൽ സുൽത്താനേറ്റിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭക്ഷണം മുന്നിൽ വിളമ്പിവെച്ചാലും ബാങ്കിന്‍റെ വിളി കേൾക്കാൻ കാത്തിരിക്കുന്ന വിശ്വാസികളുടെ ചിത്രങ്ങൾ കാമറയിൽ മാത്രമല്ല, എന്‍റെ മനസ്സിലുംകൂടിയായിരുന്നു പതിഞ്ഞിരുന്നത്. ഇത്തരം പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കാൻ തുടങ്ങിയതോടെ ഞാനും പിൽക്കാലത്ത് നോമ്പനുഷ്ഠിക്കാൻ തുടങ്ങി.
ഗ്രാൻഡ്‌മോസ്‌ക്കിൽ നോമ്പുതുറക്കാൻ കിട്ടിയ അവസരങ്ങളെല്ലാം മനസ്സിന് കുളിർമ നൽകുന്ന ഓർമകളാണ്. സ്വദേശികളും വിദേശികളുമായ ധാരാളം വിശിഷ്ട വ്യക്തിത്വങ്ങൾ കൂടിച്ചേർന്ന് ഒരേസമയം നോമ്പുതുറക്കാൻ കാത്തിരിക്കുന്നത് അപൂർവമായ അനുഭൂതിയാണ്. യഥാർഥത്തിൽ വിവിധ മതങ്ങൾ കൂടിച്ചേർന്നു ജീവിക്കുന്ന നമ്മുടെ നാടിനേക്കാൾ മറ്റു മതക്കാർക്കു പരിഗണനയും ബഹുമാനവും ലഭിക്കുന്നത് ഇവിടങ്ങളിലാണെന്ന് തോന്നിയിട്ടുണ്ട്.
വായനക്കാർക്ക് തങ്ങളുടെ മറക്കാൻ പറ്റാത്ത നോമ്പനുഭവങ്ങൾ ഗൾഫ് മാധ്യമവുമായി പങ്കുവെക്കാം. 79103221 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ oman@gulfmadhyamam.net എന്നതിലേക്ക് മെയിൽ അയക്കുകയോ ചെയ്യാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.