ഒമാനിൽ വീണ്ടും മെർസ് ബാധ
text_fieldsമസ്കത്ത്: രാജ്യത്ത് വീണ്ടും മെർസ് ബാധ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) സ്ഥിരീകരിച്ചു. ഒമാൻ ആരോഗ്യവകുപ്പിെൻറ പകർച്ചവ്യാധി നിരീക്ഷണ പ്രതിരോധ വിഭാഗവുമായി ബന്ധപ്പെട്ട നാഷനൽ െഎ.എച്ച്.ആർ ഫോക്കൽ പോയൻറ് ഇൗ മാസം നാലിനാണ് രാജ്യത്ത് മെർസ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ബാത്തിന ഗവർണറേറ്റിൽനിന്നുള്ള 74കാരനാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഫെബ്രുവരി 23 മുതലാണ് ഇയാളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. െമർസ് ബാധയുള്ള ഒട്ടകങ്ങളെ പരിചരിച്ചതാണ് അസുഖ ബാധിതനാകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അസുഖബാധയുടെ കാരണങ്ങളെ കുറിച്ച വിശദാന്വേഷണം നടന്നുവരുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഒമാനിൽ അവസാനമായി മെർസ് ബാധ റിപ്പോർട്ട് ചെയ്തത്. ഹൈമയിൽ താമസിക്കുന്ന 39കാരനാണ് രോഗം ബാധിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ മുസന്നയിൽനിന്നുള്ള 54കാരനും രോഗം ബാധിച്ചിരുന്നു. ലോകത്ത് ഇതുവരെ 2144 മെർസ് കൊറോണ വൈറസ് ബാധകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 750ഒാളം പേർ മരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
മനുഷ്യെൻറ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമാണ് ‘മെർസ്’. കടുത്ത പനി,ചുമ, അതി കഠിനമായ ശ്വാസതടസ്സം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചിലരിൽ ന്യുമോണിയയും വയറിളക്കവും അനുബന്ധമായി കാണാറുണ്ട്. രോഗിക്ക് ദീർഘമായി ശ്വാസമെടുക്കാൻ കഴിയില്ല. തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകിയാൽ രോഗം ഭേദമാക്കാൻ കഴിയും. അതികഠിനമായ ശ്വാസതടസ്സത്തോടെയുള്ള പനിയുള്ളവർ ഉടൻ ചികിത്സ തേടണം. വൈകിയാൽ രോഗ വിമുക്തി എളുപ്പമല്ലെന്നും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
ഒട്ടകങ്ങളിൽനിന്നാണ് രോഗം പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. ഒട്ടകങ്ങളുമായി ഇടപഴകുന്നവർ ശുചിത്വ നിർദേശങ്ങൾ കർശനമായി പാലിക്കണം. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം, ഒരുമിച്ചുള്ള യാത്ര, കൂടെ താമസിക്കുക മുതലായ സാഹചര്യങ്ങളും രോഗം പടരാൻ വഴിയൊരുക്കും. രോഗംപടരാൻ സാധ്യത കൂടുതലാണെന്നതിനാൽ ആശുപത്രികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം. വ്യക്തി, ഭക്ഷണ,പരിസര ശുചീകരണത്തിൽ ശ്രദ്ധ വേണം.
ചുമക്കുകയും തുമ്മുകയും ചെയ്ത ശേഷം കൈകൾ വൃത്തിയാക്കണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.