ഉഷ്ണമേഖല ന്യൂനമർദം രൂപപ്പെടുന്നതായി കാലാവസ്ഥ വകുപ്പ്
text_fieldsമസ്കത്ത്: കിഴക്കൻ അറബിക്കടലിൽ ഉഷ്ണമേഖല ന്യൂനമർദം രൂപപ്പെടുന്നതിന്റെ പ്രാരംഭ സൂചനകളുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. എന്നാൽ, അടുത്ത ദിവസങ്ങളിൽ ഇത് നേരിട്ട് ഒമാനെ ബാധിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പുതിയ റിപ്പോർട്ട്. അറബിക്കടലിലെ സംഭവവികാസങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഉഷ്ണമേഖല ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ റിപ്പോർട്ടുകളും ആവശ്യമായ മുന്നറിയിപ്പുകളും നൽകുമെന്നും സി.എ.എയുടെ കീഴിലുള്ള മൾട്ടി ഹസാഡ് വാണിങ് സെന്ററിലെ കാലാവസ്ഥ വിദഗ്ധൻ മസ്ഊദ് ബിൻ സഈദ് അൽ കിന്ദി അറിയിച്ചു. നിലവിൽ ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശത്ത് മഴമേഘങ്ങൾ കാണപ്പെടുന്നുണ്ട്. രണ്ട് ദിവസത്തേക്ക് ഇവിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും അനധികൃതവും തെറ്റായതുമായ കാലാവസ്ഥ പ്രവചനം നൽകുന്നവർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം കർശന മുന്നറിയിപ്പ് നൽകിയിരുന്നു. 15,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.