മെട്രോപൊളിറ്റന്‍സ് എറണാകുളം ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു
text_fieldsമസ്കത്ത്: എറണാകുളം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ മെട്രോപൊളിറ്റന്‍സ് എറണാകുളം ഒമാന്‍ ചാപ്റ്ററിന്റെ ആഭുമുഖ്യത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. അനന്തപുരി ഹോട്ടലില്‍ നടന്ന പരിപാടിയില്‍ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കലാവിഭാഗം സെക്രട്ടറി സോമസുന്ദരം എറണാകുളം ജില്ലയുടെ സാംസ്കാരിക, ചരിത്ര പൈതൃകത്തെ കുറിച്ച് സംസാരിച്ചു.
മെട്രോപൊളിറ്റന്‍സ് എറണാകുളം പ്രസിഡന്റ് സിദ്ദിക്ക് ഹസ്സന് അധ്യക്ഷത വഹിച്ചു. പോയ വര്‍ഷത്തെ കണക്കെടുപ്പില്‍ നേട്ടങ്ങളും കോട്ടങ്ങളും കാണുമെന്നും എന്നാല്‍ നമ്മുടെ നഷ്ടങ്ങളെ മാത്രം നോക്കികൊണ്ട് പുതുവര്ഷത്തിലേക്കു പോകരുതെന്നും അങ്ങിനെ വരുന്ന പക്ഷം അടുത്ത വര്‍ഷവും നമുക്ക് നഷ്ടം മാത്രമേ ലഭിക്കൂ എന്നും സിദ്ദിക്ക് ഹസ്സന് പറഞ്ഞു. ഒമാനില്‍ ദീര്‍ഘകാലമായി ആരോഗ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. തോമസ് മംഗലപള്ളി മുഖ്യാതിഥിയായി.
നിത്യജീവിതത്തില്‍ എപ്പോഴും സംഭവിക്കാവുന്ന ആരോഗ്യപരമായ അപകടഘട്ടങ്ങളില്‍ എടുക്കേണ്ട പ്രാഥമിക ചികിത്സാരീതികളെക്കുറിച്ച് ഡോ. തോമസ് വിശദീകരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍, പ്രശ്നോത്തരി, ഗാനമേള, കുട്ടികളുടെ വിവിധ മത്സരങ്ങള്‍ എന്നിവ അരങ്ങേറി. സാന്റക്ക് ഒപ്പം ഫാമിലി ഫോട്ടോ എന്ന മത്സരവും നടന്നു. ഇതിന്റെ വിജയികളെ പിന്നീട് പ്രഖ്യാപിക്കും .
സെക്രട്ടറി സാജു പുരുഷോത്തമന് സ്വാഗതവും ജോയിന്റ് ട്രഷറര്‍ റഫീഖ് നന്ദിയും പറഞ്ഞു. മ്യൂസിക് ആര്‍ട്സ് സെക്രട്ടറി ഒ.കെ. മുഹമ്മദ് അലി, വനിതാ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ കെ. ഡിഞ്ചു എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. രമ ശിവകുമാര്‍, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്കി. സാന്താക്ലോസ് ആയി വേഷമിട്ട മിന്നാ കുടുംബാംഗങ്ങളുടെ മനം കവർന്നു.
ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ 250ലധികം കുടുംബങ്ങള്‍ മെട്രോപൊളിറ്റന്‍സ് എറണാകുളത്തില്‍ അംഗങ്ങള്‍ ആയെന്നും കൂടുതല്‍ ആളുകളെ കൂട്ടായ്മയിലേക്ക് ചേര്‍ക്കാന്‍ പുതുവര്‍ഷത്തില്‍ ശ്രമിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.