ശൈത്യകാലം; മത്ര കോര്‍ണിഷിൽ ദേശാടനക്കിളികള്‍ വന്നുതുടങ്ങി
text_fieldsമത്ര: ശൈത്യകാലത്തിന്റെ വരവറിയിച്ച് തണുത്ത കാറ്റ് വീശിത്തുടങ്ങിയതോടെ ദേശാടനക്കിളികള്‍ കൂട്ടത്തോടെ വന്നുതുടങ്ങി. വിവിധ രാജ്യങ്ങളില്‍നിന്ന് 'വിസയോ പാസ്പോർട്ടോ' ഇല്ലാതെ അതിര്‍ത്തികള്‍ ഭേദിച്ചെത്തിയ അതിഥികളാല്‍ കോര്‍ണിഷ് പരിസരം മുഖരിതമാണിപ്പോള്‍.
തുടക്കത്തില്‍ എത്തിയ പക്ഷികൾ സാമാന്യം നല്ല വലുപ്പമുള്ളതാണെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളിൽ യൂറോപ്, കിഴക്കു-പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ദേശാടനപ്പക്ഷികൾ എത്തിത്തുടങ്ങും.
ചൂട് മാറി ഒമാനിലെ കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിനോദ സഞ്ചാരികളുടെ വരവും ആരംഭിച്ചിട്ടുണ്ട്. ഇപ്പോളെത്തുന്നത് വിമാനം വഴിയുള്ള ടൂറിസ്റ്റുകളാണ്. ഒക്ടോബർ അവസാനത്തോടെ കപ്പലുകള്‍ നങ്കൂരമിടാന്‍ തുടങ്ങും. ഈ മാസാവസാനം രണ്ട് ക്രൂസുകളാണ് വരുന്നത്. നവംബര്‍ മുതല്‍ ദിനേന സഞ്ചാരികളുമായി കപ്പലുകള്‍ സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടില്‍ എത്തും. അതോടെ മനോഹരമായ ടൂറിസം സീസണിന് തുടക്കമാവും.സഞ്ചാരികളെ വരവേല്‍ക്കാന്‍ സൂഖിലെ വ്യാപാരികളും ടൂർ ഓപറേറ്റര്‍മാരും ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് പൂര്‍ണമായും നീങ്ങിയതിനാല്‍ മുഖാവരണമോ, മറ്റു നിയന്ത്രണങ്ങളോ ഇല്ലാത്ത ആദ്യ സീസണാണ് വരാന്‍ പോകുന്നത്. മത്രയിലെ പൗരാണികത നിറഞ്ഞ കോട്ടയും സൂഖും കോര്ണിഷുമൊക്കെ കണ്ടും സുഖകരമായ അന്തരീക്ഷം ആസ്വദിക്കാനും പരമ്പരാഗത ഉല്പന്നങ്ങള് സ്വന്തമാക്കാനുമാണ് പ്രധാനമായും ടൂറിസ്റ്റുകള്‍ ഇവിടെ എത്താറുള്ളത്.
പരമ്പരാഗതമായ നിര്‍മിതികൊണ്ടും പഴമയെ അതേ പോലെ നിലനിര്ത്തിയതിനാലും ലോക ടൂറിസം ഭൂപടത്തില്‍ ഇടംകൊണ്ട മസ്കത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളാണ് മത്ര സൂഖും കോട്ടയും പാലസുമടങ്ങുന്ന ഭാഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.