മന്ത്രിതല സംഘം സുൽത്താൻ ഹൈതം സിറ്റി സന്ദർശിച്ചു
text_fieldsമന്ത്രിതല സംഘം സുൽത്താൻ ഹൈതം സിറ്റി സന്ദർശിച്ചപ്പോൾ
മസ്കത്ത്: പദ്ധതി സ്ഥലത്തെ നിർമാണ പുരോഗതി നിരീക്ഷിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി ഉന്നതതല മന്ത്രിതല സംഘം സുൽത്താൻ ഹൈതം സിറ്റി സന്ദർശിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നുള്ള പങ്കാളികളുമായി സഹകരിച്ച് ആദ്യ ഘട്ടം (2024-2030) വിജയകരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിരുന്നു സന്ദർശനം.
ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, മസ്കത്ത് ഗവർണറുടെ ഓഫിസ്, മസ്കത്ത് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ ആയിരുന്നു സംഘത്തിലുണ്ടായിരുന്നത്.
പദ്ധതി സംഭവവികാസങ്ങളെക്കുറിച്ച് പങ്കാളികളെ അറിയിക്കാനും സിറ്റിയുടെ നിർവഹണ ഘട്ടങ്ങൾ നിരീക്ഷിക്കാനും സാംസ്കാരിക കേന്ദ്രം, സ്കൂൾ സമുച്ചയങ്ങൾ, ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രം, മറ്റു ആധുനിക സേവന സൗകര്യങ്ങൾ തുടങ്ങിയ പ്രധാന സംരംഭങ്ങൾ അവലോകനം ചെയ്യാനും ആയിരുന്നു സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. പ്രത്യേക കമ്പനികളുമായി സഹകരിച്ച് നടത്തിവരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പരിശോധനയും നടന്നു.
സ്ട്രാബാഗ് ഒമാനുമായി സഹകരിച്ച് അഞ്ച് പാലങ്ങളും പ്രധാന റോഡുകൾ അൽ സറൂജ് കൺസ്ട്രക്ഷൻ കമ്പനിയുമാണ് നിർമിക്കുന്നത്. വൈദ്യുതി, വെള്ളം, മലിനജലം, ബ്രോഡ്ബാൻഡ് ശൃംഖല, കമ്യൂണിക്കേഷൻസ്, കൂളിങ് സിസ്റ്റങ്ങൾ, ഗ്യാസ് വിതരണം എന്നിവയുൾപ്പെടെ നഗരത്തിന് ആവശ്യമായ അവശ്യ സേവനങ്ങൾ ടവൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് കമ്പനിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.
കൂടാതെ, ഒമാൻ ടെക്നിക്കൽ കോൺട്രാക്റ്റിങ്ങുമായി സഹകരിച്ച് മൂന്ന് പവർ ട്രാൻസ്ഫോർമറുകളും സ്ഥാപിക്കും. അൽ അബ്രാർ റിയൽ എസ്റ്റേറ്റ് കമ്പനി നഗരത്തിലെ ഹേ അൽ വഫ പരിസരത്ത് ഉപയോഗിച്ച ഏറ്റവും പുതിയ നിർമാണ സാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ചു. ഇത് ആദ്യ ഘട്ടത്തിൽ റെസിഡൻഷ്യൽ യൂനിറ്റുകൾ നിർമിക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ സഹായകമായിട്ടുണ്ട്.
പ്രമുഖ കമ്പനികൾ വികസിപ്പിക്കുന്ന റെസിഡൻഷ്യൽ ഡിസ്ട്രിക്റ്റുകളുടെ സൈറ്റുകളും വിശദാംശങ്ങളും പ്രതിനിധി സംഘം അവലോകനം ചെയ്തു. ആദ്യ ഘട്ടത്തിൽ താമസ സ്ഥലങ്ങളുടെ വിൽപന ഉടൻ ആരംഭിക്കാൻ നഗരം തയാറെടുക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.