കൂടുതൽ മഴക്ക് ക്ലൗഡ് സീഡിങ്ങുമായി കൃഷി മന്ത്രാലയം
text_fieldsമസ്‌കത്ത്: രാജ്യത്തെ ജലക്ഷാമം പരിഹരിക്കാൻ കൃത്രിമ മഴ പെയ്യിക്കാൻ മന്ത്രാലയം ക്ലൗഡ് സീഡിങ് നടത്തുന്നുണ്ടെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി. മജ്‌ലിസ് ശൂറയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രാലയം 13 ക്ലൗഡ് സീഡിങ് സ്റ്റേഷനുകളാണ് സ്ഥാപിച്ചത്. കിഴക്കും പടിഞ്ഞാറും ഹജർ പർവതങ്ങളിലുമായി 11 എണ്ണവും രണ്ടെണ്ണം ദോഫാർ ഗവർണറേറ്റിലുമാണ്. കഴിഞ്ഞ വർഷങ്ങളിൽ ഏകദേശം 15 മുതൽ 18 ശതമാനം വരെ മഴയിൽ വർധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒമാനിൽ ക്ലൗഡ് സീഡിങ് (കൃത്രിമ മഴ) മെച്ചപ്പെടുത്തുന്നതിനായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ഡ്രോണുകളിലേക്ക് തിരിയുകയാണെന്ന് കഴിഞ്ഞവർഷം അധികൃതർ വ്യക്തമാക്കിയിരുന്നു. 2030ഓടെ സുസ്ഥിരമായ ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള സർക്കാറിന്റെ വിശാലമായ തന്ത്രവുമാണ് ഈ സംരംഭം. വരണ്ട രാജ്യമായതിനാൽ, ഒമാനിന് ഭൂഗർഭ ജലശേഖരം വർധിപ്പിക്കുന്നതിന് കൃത്രിമ മഴ പോലുള്ള സാങ്കേതിക വിദ്യകൾ ആവശ്യമാണെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിൽനിന്നുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. അയോണൈസേഷൻ സ്റ്റേഷനുകൾ വികസിപ്പിക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങൾ കവർ ചെയ്യുന്നതിന് ഡ്രോണുകൾ ഉപയോഗിക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. മുസന്ദത്തിൽ ഒരു പുതിയ സ്റ്റേഷൻ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. വടക്കൻ ശർഖിയയിലെ ക്ലൗഡ് സീഡിങ് പദ്ധതികളിൽ സൗരോർജത്തിന്റെ ഉപയോഗം കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം നിലവിൽ പരീക്ഷിച്ചുവരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. മേഘങ്ങളിൽ, മഴ പെയ്യാൻവേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതികപ്രവർത്തനങ്ങൾ, രാസപദാർഥങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചാണ് ഇത് ചെയ്യുന്നത്. സാധാരണ രീതിയിൽ മഴ പെയ്യിക്കുന്നതിനോ കൃത്രിമ മഞ്ഞ് വരുത്തുന്നതിനോ ആണ് ഇത് ഉപയോഗിക്കുന്നത്.
മൂടൽമഞ്ഞ് കുറക്കുന്നതിനും ഈ പ്രവർത്തനം സ്വീകരിക്കാറുണ്ട്. ക്ലൗഡ് സീഡിങ്ങിനു സാധാരണ ഉപയോഗിക്കുന്ന രാസപദാർഥം സിൽവർ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാർബൺ ഡയോക്‌സൈഡ്). ഭക്ഷ്യ-ജല സുരക്ഷ മേഖലയുടെ പ്രകടനവും മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) അതിന്‍റെ സംഭാവനയും ശൂറ സെഷൻ ചർച്ചചെയ്തു. രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന് ഊന്നൽ നൽകി ഒമാൻ വിഷൻ 2040ന്‍റെ തന്ത്രങ്ങളുമായി യോജിപ്പിക്കുന്നതിനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
സസ്യങ്ങൾ, മൃഗങ്ങൾ, മത്സ്യബന്ധന സ്രോതസ്സുകളിൽനിന്നുള്ള ഭക്ഷ്യോൽപാദനത്തിന്‍റെ ആകെ അളവ് 6.4 ശതമാനം വർധിച്ചതായി മന്ത്രി വിശദീകരിച്ചു. ഇത് 2019ൽ 3.9 ദശലക്ഷം ടണ്ണായിരുന്നുവെങ്കിൽ 2022ൽ 4.7 ദശലക്ഷം ടണ്ണായി വർധിച്ചുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.