ഗ്രാമീണ സ്ത്രീകൾക്ക് അടുക്കളത്തോട്ടം പദ്ധതിയുമായി കൃഷി മന്ത്രാലയം
text_fieldsമസ്കത്ത്: പച്ചക്കറി വിളവെടുപ്പിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് സഹായമാകുന്നതിനുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം രാജ്യത്താകമാനം അടുക്കളത്തോട്ടം പദ്ധതി ആരംഭിക്കുന്നു. ചീര, തക്കാളി, വെള്ളരി, സ്ട്രോബെറി, കുരുമുളക് തുടങ്ങിയ പച്ചക്കറികളും പഴങ്ങളും വീട്ടുവളപ്പിൽ വളർത്താനും ഇതുവഴി കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കാനുമാണ് പദ്ധതിയെന്ന് മന്ത്രാലയം ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഉയർന്ന നിലവാരമുള്ള പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിന് മണ്ണും ജലവും കൂടുതൽ ആവശ്യമില്ലാത്ത ഹൈഡ്രോപോണിക്സ് രീതിയും ഉപയോഗപ്പെടുത്താൻ മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഉയർന്ന വിലയുള്ള കാലയളവിലേക്ക് വിളവെടുപ്പ് നീട്ടാനും സാധാരണ അനുയോജ്യമല്ലാത്ത കാലാവസ്ഥയിൽ വിളകൾ വളർത്താനും ഈ രീതി വഴി സാധിക്കും.
ഗ്രാമീണ വനിത കർഷകർ, തൊഴിലന്വേഷകർ, സാമൂഹിക സുരക്ഷ കുടുംബങ്ങൾ, കാർഷിക മേഖലയിലെ വനിത സംരംഭകർ എന്നിവരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്വന്തമായി വീടുള്ളവർക്കും വാടകക്ക് താമസിക്കുന്നവർക്കും അപേക്ഷിക്കാം. പൗരന്മാർക്കു മാത്രമായാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷിക്കുന്നവർക്ക് മന്ത്രാലയം നേരിട്ട് പരിശീലനവും കൃഷിയിൽ ഉപയോഗിക്കേണ്ട ശരിയായ രീതിയും ഉപകരണങ്ങളും പരിചയപ്പെടുത്തുകയും ചെയ്യും.
അടുക്കളത്തോട്ട സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, കാർഷിക മേഖലയിൽ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം വളർത്തുന്നതിനും തോട്ടങ്ങൾ പരിപാലിക്കുന്നതിൽ സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാനിലെ എല്ലാ വിലായത്തുകളിലെയും കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പുകൾ മുഖേന പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള അപേക്ഷകൾ സ്വീകരിക്കും. നൂതന കാർഷികരീതികൾ പ്രാദേശികവത്കരിക്കുക, മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഗ്രാമീണ സ്ത്രീകളുടെ പ്രോജക്ടുകളുടെ സംഭാവന വർധിപ്പിക്കുക, ഗ്രാമീണ സ്വയം വികസനത്തിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കുക, തൊഴിൽ, കാർഷിക മേഖലയുടെ വികസനം, കാർഷിക ജോലികളിൽ സ്ത്രീ സംരംഭകർക്ക് ധനസഹായം ലഭ്യമാക്കുക എന്നിവയാണ് പരിപാടി ലക്ഷ്യമിടുന്നത്. തൊഴിലന്വേഷകരായ ഒമാനി സ്ത്രീകളോട് പുതിയ സംരംഭത്തിൽ പങ്കെടുക്കാൻ മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.