ഹജ്ജ് തീർഥാടകർ വാക്സിൻ എടുക്കണം -ആരോഗ്യ മന്ത്രാലയം
text_fieldsമസ്കത്ത്: ഈ വർഷം ഹജ്ജിന് പോകാൻ യോഗ്യത നേടിയവർ ആവശ്യമായ പ്രതിരോധ വാക്സിനുകൾ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പൗരന്മാർക്കും താമസക്കാർക്കും ഓരോ ഗവർണറേറ്റിലെയും മന്ത്രാലയം വ്യക്തമാക്കിയ ആരോഗ്യ സ്ഥാപനങ്ങളിൽപോയി വാക്സിൻ സ്വീകരിക്കാവുന്നതാണ്.
സീസണൽ ഫ്ലൂ, മെനിേങാകോക്കൽ കൺജഗേറ്റ് വാക്സിൻ (ACYW135) എന്നിവയാണ് എടുക്കേണ്ടത്. മെനിഞ്ചൈറ്റിസിന്റെ സങ്കീർണതകളിൽനിന്ന് സംരക്ഷിക്കാൻ ഉതകുന്ന മെനിങ്ങോകോക്കൽ കൺജഗേറ്റ് വാക്സിന് (ACYW135) അഞ്ച് വർഷത്തെ സംരക്ഷണ കാലാവധിയുണ്ട്. അതിനാൽ, ഈ വാക്സിനെടുത്ത് അഞ്ചുവർഷമായിട്ടില്ലെങ്കിൽ ഇത് വീണ്ടും സ്വീകരിക്കേണ്ടതില്ല. എന്നാൽ, ഈ വാക്സിൻ മുമ്പ് എടുത്തിട്ടുള്ളതാണ് എന്നതിന് തെളിവ് ഹാജരാക്കണം. തീർഥാടകർ ഹജ്ജ് യാത്രക്ക് പത്ത് ദിവസം മുമ്പെങ്കിലും ഈ വാക്സിനുകൾ എടുക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. അണുബാധയുടെ വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് മുകളിൽ പറഞ്ഞ വാക്സിനുകൾ എടുക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ അറിയിച്ചു.
ഈ വർഷം ഒമാനിൽനിന്ന് 13,586 പേരാണ് ഹജ്ജിന് അർഹത നേടിയിട്ടുള്ളത്. 6,683 പുരുഷന്മാരും 6,903 സ്ത്രീകളും ഉൾപ്പെടെയാണിത്. ഇതിൽ ഏതാണ്ട് 32.3 ശതമാനം പേർ 46 മുതൽ 60 വയസ്സിന് ഇടയിൽ ഉള്ളവരും 42.4 ശതമാനം പേർ 31-45 വയസ്സുള്ളവരും ആണ്. 20 ശതമാനം പേർ 60 വയസ്സിനു മുകളിലുള്ളവരുമാണ്. ഹജ്ജിനുള്ള സേവന ഫീസ് എൻഡോവ്മെൻറ്, മതകാര്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. മദീനയിലേക്ക് വിമാനമാർഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണ് നിരക്ക്.
മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലുമാണ് മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെൻറ്, ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിൻറ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാൻ റിയാൽ), ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് (300 സൗദി റിയാൽ) എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.