ഡയാലിസിസ് യൂനിറ്റ് നിർമിക്കുന്നതിന് ആരോഗ്യമന്ത്രാലയം കരാർ ഒപ്പിട്ടു
text_fieldsമസ്കത്ത്: ദാഖിലയ ഗവർണറേറ്റിൽ ഡയാലിസിസ് യൂനിറ്റ് നിർമിക്കുന്നതിന് ആരോഗ്യമന്ത്രാലയം കരാർ ഒപ്പിട്ടു. ആദം വിലായത്തിലാണ് ഡയാലിസിസ് യൂനിറ്റ് ഒരുക്കുക. ധനസഹായം നൽകുന്നതിന് പെട്രോളിയം ഡെവലപ്മെന്റ് ഒമാനുമായും (പി.ഡി.ഒ), സി.സി എനർജി ഡെവലപ്മെന്റുമായുമാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് ആരോഗ്യ വകുപ്പ് അഡ്മിനിസ്ട്രേഷൻ, പ്ലാനിങ്, ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ മുഹമ്മദ് അൽ അജ്മിയാണ് ഒപ്പിട്ടിരിക്കുന്നത്.
പി.ഡി.ഒയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ, കമ്യൂണിക്കേഷൻ മാനേജർ എൻജിനീയർ മുഹമ്മദ് അഹമ്മദ് അൽ ഗരീബിയും സി.സി എനർജിക്കുവേണ്ടി വിദേശകാര്യ മേധാവി ബദർ അൽ സരീരിയും പങ്കെടുത്തു. പൊതുജനങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് സ്വകാര്യ-പൊതുമേഖലകൾ തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്ന് ഡോ. അൽ അജ്മി ഊന്നിപ്പറഞ്ഞു. പദ്ധതികളിൽ സഹകരിച്ച ഇരുകമ്പനികളേയും അഭിനന്ദിക്കുകയും ചെയ്തു. ദാഖിലിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഡയാലിസിസ് സേവനങ്ങൾക്ക് പദ്ധതി സഹായമാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.