സേവനം മെച്ചപ്പെടുത്തൽ; ജബൽ അഖ്ദറിൽ പദ്ധതികളുമായി ടൂറിസം മന്ത്രാലയം
text_fieldsമസ്കത്ത്: രാജ്യത്തെ സുപ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് മികച്ച സേവനം നൽകാൻ പദ്ധതികളുമായി അധികൃതർ. ജബൽ അഖ്ദറലെ അൽ സുവ്ജര ഗ്രാമത്തിൽ ഹെറിറ്റേജ് ലോഡ്ജ് പ്രവർത്തിപ്പിക്കുന്നതിന് പൈതൃക വിനോദസഞ്ചാര മന്ത്രാലയം ലൈസൻസ് അനുവദിച്ചു. ഗ്രാമത്തിലേക്കുള്ള പാത പുനരുദ്ധരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നവംബറിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്.
450 വർഷത്തിലധികം പഴക്കമുള്ള ഗ്രാമമാണ് സുവ്ജര. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1900 മീറ്റർ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്. വേനൽക്കാലത്തും ശൈത്യകാലത്തും ശാന്തമായ കാലാവസ്ഥയാണ് ഇവിടത്തെ പ്രത്യേകത. വെറും 60 ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഈ പ്രദേശത്തേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രതീക്ഷകൾക്കൊത്ത പദ്ധതികളാണ് മന്ത്രാലയം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രദേശത്തെ ജനങ്ങൾ നൽകുന്ന 11 മുറികളും ഭക്ഷണസേവനവുമാണ് ലോഡ്ജിൽ ഉൾപ്പെടുന്നത്. വിനോദസഞ്ചാരികളുടെ അഭിരുചിക്കനുസരിച്ച് ഒമാനി ഭക്ഷണവും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾക്ക് വരുമാനമാർഗവും ഇതിലൂടെ ലഭിക്കും. ഇരിപ്പിടങ്ങൾ, ഇൻഫർമേഷൻ പാനലുകൾ എന്നിവ ഉൾപ്പെടുന്ന പ്രദേശത്തിന്റെ വികസന പദ്ധതി 500 മീറ്ററിലാണ് നടക്കുന്നത്. ഇതിന്റെ 75 ശതമാനം പൂർത്തിയായിട്ടുണ്ട്. ചില മരങ്ങളെക്കുറിച്ച് അറിയാനായി ഒരുക്കിയ വിവരപാനലുകൾ സന്ദർശകർക്ക് ഗുണകരമാകും.
ജബൽ അഖ്ദർ വിലായത്തിൽ കഴിഞ്ഞ വർഷം എത്തിയത് 2,00,000ത്തിലധികം ആളുകളായിരുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ പുതിയ കണക്കുപ്രകാരം 2,08,423 സന്ദർശകരാണ് സ്വദേശികളും വിദേശികളുമായി ഇവിടെ എത്തിയത്. ഇവിടത്തെ പച്ചപ്പും സവിശേഷമായ കാലാവസ്ഥയും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. വേനൽക്കാലത്തെ കുറഞ്ഞ വെയിലും ശൈത്യകാലത്ത് നല്ല തണുപ്പും പ്രദേശത്തെ കാലാവസ്ഥയുടെ സവിശേഷതകളാണ്.
സഞ്ചാരികൾക്കായി നിരവധി ഹോട്ടൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശൈത്യകാലത്ത് തണുപ്പ് ആസ്വദിക്കാനായി സ്വദേശികളും വിദേശികളടക്കം നിരവധി പേരാണ് ഓരോ സീസണിലും ഇങ്ങോട്ട് ഒഴുകാറുള്ളത്. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്കുള്ള പർവതാരോഹണം, പർവതപാതകളിൽ കാൽനടയാത്ര തുടങ്ങിയ കായിക വിനോദങ്ങൾ പരിശീലിക്കാനും സൗകര്യങ്ങൾ ലഭ്യമാണ്.
മാതളനാരങ്ങ, മുന്തിരി, ആപ്രിക്കോട്ട്, റോസാപ്പൂവ് തുടങ്ങി നിരവധി കാർഷിക വിളകൾ ജബൽ അഖ്ദർ വിലായത്തിന്റെ വിവിധ ഇടങ്ങളിലായി കൃഷിചെയ്യുന്നുണ്ട്. വിവിധ അറബ്, ഏഷ്യ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുരാതന ആരാധനാലയങ്ങളും വിലായത്തിലെ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്നു. സന്ദർശകരായി എത്തിയവരിൽ കൂടുതൽ പേരും സ്വദേശി പൗരന്മാർതന്നെയാണ്. കഴിഞ്ഞ വർഷം 1,12,619 ഒമാനികളാണ് ജബൽ അഖ്ദറിന്റെ മനോഹാരിത ആസ്വദിക്കാനായെത്തിയത്.
സൗദി 13,428, യു.എ.ഇ 1543, ബഹ്റൈൻ 51, കുവൈത്ത് 1236, ഖത്തർ 746 എന്നിങ്ങനെയാണ് ജി.സി.സി രാജ്യങ്ങളിൽനിന്നെത്തിയ വിനോദസഞ്ചാരികളുടെ കണക്ക്. മറ്റ് അറബ് രാജ്യങ്ങളിൽനിന്ന് 6041 പേരും വിദേശ രാജ്യങ്ങളിൽനിന്നായി 72,294 ആളുകളും സന്ദർശകരായി ജബൽ അഖ്ദറിന്റെ മടിത്തട്ടിൽ എത്തി. സുൽത്താനേറ്റിലെ ഇക്കോ ടൂറിസത്തിനും സാഹസിക വിനോദസഞ്ചാരത്തിനും പേരുകേട്ട സ്ഥലമാണ് ജബൽ അഖ്ദർ. വിലായത്തിലെ പ്രാദേശിക സംസ്കാരത്തെ അടുത്തറിയാൻ സഹായിക്കുന്ന താഴ്വരകളിലെ നടത്തം, ഗുഹകൾ സന്ദർശിക്കുക, പർവതകയറ്റം പരിശീലിക്കുക തുടങ്ങി വിവിധ വിനോദങ്ങൾ ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.