നിരവധി വികസന പദ്ധതികളുമായി ഗതാഗത മന്ത്രാലയം
text_fieldsമസ്കത്ത്: ഒമാനിലെ ഗതാഗത മേഖലയിൽ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്ന നിരവധി പദ്ധതികളുമായി ഗതാഗത, വാർത്ത വിനിമയ, വിവര മന്ത്രാലയം. ഇതനുസരിച്ച് മസ്കത്തിൽ മെട്രോ ലൈൻ സ്ഥാപിക്കുന്നതടക്കം നിരവധി പദ്ധതികൾ മന്ത്രാലയത്തിന് മുന്നിലുണ്ട്.
ജല ടാക്സികൾ, മസീറയിൽ പാലം നിർമിക്കൽ, ചെറുതരം നാവിക വ്യവസായ മേഖല, ദേശീയ ബഹിരാകാശ പദ്ധതി, ബഹിരാകാശ ക്ലബ്, സുഹാറിൽനിന്ന് ഖസാഇനിലേക്കുള്ള റെയിൽവേ പദ്ധതി സൗദി അറേബ്യയിലേക്ക് ദീർഘിപ്പിക്കാൻ തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടും.
മസ്കത്തിൽ മെട്രോ ലൈൻ സ്ഥാപിക്കുന്ന പദ്ധതിക്കായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചതായി വാർത്തസമ്മേളനത്തിൽ ഗതാഗത വാർത്തവിനിമയ വിവരസേങ്കതികവിദ്യാ വിഭാഗം മന്ത്രി സഈദ് അൽ മാവാലി പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലെയും പ്രതിനിധികൾ കമ്മിറ്റിയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മസീറയിലും ജബൽ അഖ്ദറിലും റോഡ് പദ്ധതികൾ ആരംഭിക്കും.
ടാക്സി, ട്രക് വിഭാഗത്തെ ഏകോപിക്കാനുള്ള പദ്ധതികളുമുണ്ടാവും. ഈ വർഷംതന്നെ ട്രക്കുകൾക്ക് പ്രത്യേക പാതകൾ ഏർപ്പെടുത്തും. ഈ വർഷം ഒമാനിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യുന്ന കരവഴിയുള്ള കണ്ടെയ്നറുകളുടെ എണ്ണം അഞ്ച് ശതമാനം വർധിച്ചു.
നാവിക മേഖലയിൽനിന്നുള്ള വരുമാനം 10 ശതമാനവും വർധിച്ചിട്ടുണ്ട്.
ബാത്തിന എക്പ്രസ് വേ ഉടൻ തുറക്കുമെന്നും മന്ത്രി പറഞ്ഞു. ഒമാൻ തുറമുഖങ്ങളിൽ വരുന്ന കപ്പലുകൾ 1.3 ശതമാനവും ചരക്ക് കൈകാര്യം ചെയ്യൽ രണ്ട് ശതമാനവും വർധിച്ചിട്ടുണ്ട്. കരഗതാഗതം നിയന്ത്രിക്കാനായി സെൻറർ സ്ഥാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാടക വാഹനങ്ങളുടെ സേവന നിലവാരം മെച്ചപ്പെടുത്തുക, ഗതാഗത മേഖലയെ നിയന്ത്രിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള നാവികകേന്ദ്രം, ജല ടാക്സി, കപ്പൽ രജിസ്ട്രേഷൻ എന്നിവക്കായി അൽ നുഹ്മാനി എന്ന പേരിൽ നാവിഗേഷൻ സിസ്റ്റം തുടങ്ങാൻ പദ്ധതിയുണ്ട്.
മന്ത്രാലയത്തിൽ ഡിജിറ്റൽ സമ്പ്രദായം നടപ്പാക്കും. ഏറ്റവും മികച്ച സാങ്കതിക ഉൽപന്നങ്ങൾ പരിചയപ്പെടുത്താനായി ജദാറാ എന്നപേരിൽ പ്ലാറ്റ്ഫോം സ്ഥാപിക്കും.
ബഹിരാകാശ ക്ലബിന്റെ ഭാഗമായി കുട്ടികളുടെ മ്യൂസിയങ്ങളിൽ ബഹിരാകാശ കോർണറുകൾ സ്ഥാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.