ചൈനീസ് ടൂറിസ്റ്റുകളെ ആകർഷിക്കാൻ പദ്ധതിയുമായി മന്ത്രാലയം
text_fieldsമസ്കത്ത്: ചൈനയിലെ ജനങ്ങൾക്ക് അവധിക്കാലം ആസ്വദിക്കുന്നതിനായി ഒമാനെ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സ്പെഷലിസ്റ്റ് ടൂറിസം മാർക്കറ്റിങ് കമ്പനിയെ നിയമിക്കാൻ പൈതൃക, ടൂറിസ മന്ത്രാലയം ഒരുങ്ങുന്നു. ടൂറിസം മന്ത്രാലയത്തിന്റെയും ഒമാൻ ഗവൺമെന്റിന്റെ ടൂറിസം ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് വിഭാഗമായ ഒമ്രാൻ ഗ്രൂപ്പിന്റെയും നിരവധി സംരംഭങ്ങളെ അടിസ്ഥാനമാക്കിയാണിത്. ഡെസ്റ്റിനേഷൻ മാർക്കറ്റിങ് തന്ത്രങ്ങളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്ന് ഇതിനായി മന്ത്രാലയം കരാർ ക്ഷണിച്ചു. കോവിഡ് മഹാമാരിക്ക് മുമ്പുവരെ ചൈനയിൽനിന്ന് നിരവധി സഞ്ചാരികളായിരുന്നു സുൽത്താനേറ്റിൽനിന്ന് എത്തിയിരുന്നത്. ഇത് പുനരുജ്ജീവിപ്പിക്കുക എന്നതാണ് പുതിയ മാർക്കറ്റിങ്ങിലൂടെ ലക്ഷ്യമിടുന്നത്.
2018ൽ 44,540 ആളുകളായിരുന്നു ചൈനയിൽനിന്ന് സന്ദർശകരായി എത്തിയിരുന്നതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. എന്നാൽ, ഒരു വർഷത്തിനുശേഷം ഇത് 107,446 ആയി ഉയർന്നു. 141 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് മൂന്ന് വർഷത്തോളം ചൈന യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ വിലക്ക് ബെയ്ജിങ് മുമ്പ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചൈനീസ് സഞ്ചാരികൾ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താനായി ഒമാൻ കഴിഞ്ഞവർഷം ചൈനീസ് ടൂറിസം പങ്കാളികളുമായി ചേർന്ന് നിരവധി കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അറേബ്യൻ ട്രാവൽ മാർക്കറ്റ് (എ.ടി.എം) 2022ന്റെ ആഭിമുഖ്യത്തിൽ നടന്ന ഒമാൻ ടൂറിസം ഫോറത്തിൽ, ഒമാൻ-ചൈനീസ് വ്യവസായ പ്രതിനിധികൾ ഉഭയകക്ഷി സഹകരണത്തെ പിന്തുണക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവെക്കുകയുണ്ടായി. ഒമാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുന്നതിന് ഒമാനിലെ നാഷനൽ ട്രാവൽ ആൻഡ് ടൂറിസം ഓപറേറ്റർ ‘വിസിറ്റ് ഒമാൻ’ പ്രമുഖ ചൈനീസ് ടൂറിസം ഓപറേറ്ററുമായി ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ഒമാന്റെ വൈവിധ്യമാർന്ന ടൂറിസം ഓഫറുകൾ സന്ദർശകരെ പരിചയപ്പെടുത്തുന്നതിനായി കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രാലയം 12 ചൈനീസ് ടൂറിസം കമ്പനികൾക്ക് ഒതു യാത്ര ഒരുക്കുകയും ചെയ്തിരുന്നു.
ഈ ശ്രമങ്ങൾക്ക് പുതിയ ആക്കംകൂട്ടാൻ ലക്ഷ്യമിട്ടാണ് ചൈനയിൽ ഒമാനെ പ്രതിനിധാനംചെയ്യാൻ ഒരു ടൂറിസം കമ്പനിയെ നിയമിക്കാൻ മന്ത്രാലയം ഇപ്പോൾ പദ്ധതിയിടുന്നത്. ബിസിനസ് വികസവും മീഡിയ റിലേഷൻസ് തന്ത്രങ്ങളും പ്രോഗ്രാമുകളും രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ് തിരഞ്ഞെടുത്ത കമ്പനിയുടെ പ്രഥമ ചുമതല എന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.