രാജ്യത്ത് പഴകൃഷി വ്യാപിപ്പിക്കാൻ മന്ത്രാലയം
text_fieldsമസ്കത്ത്: രാജ്യത്തെ പഴകൃഷി വ്യാപിപ്പിക്കാൻ നടപടികളുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം. വിവിധതരം പഴങ്ങൾ വളർത്തുന്നതിനും വാണിജ്യ ഫാമുകൾ സ്ഥാപിക്കുന്നതിനും ഒമാനി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം ഗുണമേന്മയുള്ള തൈകൾ സൗജന്യമായി വിതരണം ചെയ്യും. മാതൃക പഴകൃഷി ഫാമുകൾ ഒരുക്കുന്നതിനായി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കാർഷിക, മത്സ്യബന്ധന വികസനഫണ്ടിൽ നിന്ന് ധനസഹായം നൽകുന്ന പദ്ധതിയിൽനിന്ന് കർഷകർക്ക് പ്രയോജനം ലഭിക്കുന്നതിന് മന്ത്രാലയം ചില വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കർഷകൻ ഒമാനി പൗരനായിരിക്കണം, ഒരേക്കറിൽ കുറയാത്ത കൃഷി ഭൂമിയുണ്ടായിരിക്കുക, ജലസേചനത്തിന് സ്ഥിരമായ സംവിധാനം ഉണ്ടായിരിക്കുക, മണ്ണ് കൃഷിക്ക് അനുയോജ്യമായിരിക്കുക തുടങ്ങിയ വ്യവസ്ഥകൾ പാലിക്കുന്നവർക്കായിരിക്കും വികസന ഫണ്ടിൽനിന്ന് ധനസഹായം നൽകുക. മന്ത്രാലയം നൽകുന്ന തൈകൾ ഉപയോഗിക്കുകയും വേണം. കർഷകർക്ക് മാങ്ങ, ഒമാനി നാരങ്ങ എന്നിവയുടെ തൈകൾ സൗജന്യമായും മറ്റ് പഴങ്ങളുടേത് നാമമാത്രമായ വിലയിലും നൽകും. വാഴ, സിദർ എന്നിവയുടെ തൈകൾക്ക് 250 ബൈസയും ക്വിൻസ് (ശര്ക്കരയിലോ ഉപ്പിലോ ഇട്ടുവെക്കുന്ന ഒരു തരം പഴം), പേരക്ക, അത്തി, മുന്തിരി, ഈത്തപ്പഴം, പപ്പായ തൈകൾക്ക് 500 ബൈസയുമാണ് നൽകേണ്ടത്.
തൈകൾ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. തൈ വിതരണം ഒക്ടോബറിൽ ആരംഭിക്കും. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2011 മുതൽ 2019വരെ കാർഷിക നഴ്സറികളിലെ ഫലവൃക്ഷത്തൈകളുടെ ആകെ ഉൽപാദനം 1.4 ദശലക്ഷത്തിലധികം ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.