അനധികൃത ട്യൂഷനെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം
text_fieldsമസ്കത്ത്: അംഗീകാരമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. അംഗീകാരമില്ലാതെ സ്വകാര്യ വിദ്യാലയങ്ങൾ, ക്ലാസ് മുറികൾ, മറ്റേതെങ്കിലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കടുത്ത നിയമ ലംഘനമായി കണക്കാക്കുമെന്നും കുറ്റകൃത്യമായി മാറുമെന്നും വിദ്യാഭ്യാസ മന്ത്രാലയം നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും കുട്ടികളുടെ സുരക്ഷ ഉയർത്താനും അംഗീകാരം ആവശ്യമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
രാജ്യത്തെ തലസ്ഥാന ഏരിയയിൽ അടക്കം പ്രവർത്തിക്കുന്ന നിരവധി ട്യൂഷൻ സെന്ററുകൾ നിലവിലുണ്ട്. ഇന്ത്യൻ സ്കൂളുകൾക്ക് ചുറ്റുമാണ് ഇത്തരം ട്യൂഷൻ സെന്ററുകൾ കാര്യമായി കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയിൽ പലതിനും അംഗീകാരമോ ലൈസൻസോ ഇല്ല. പലരും താമസ ഇടങ്ങളിൽ തന്നെയാണ് ട്യൂഷൻ സെന്ററുകൾ ഒരുക്കിയിരിക്കുന്നത്. ക്ലാസ് റൂം സൗകര്യത്തിൽ നടക്കുന്ന ട്യൂഷൻ സെന്ററുകളുമുണ്ട്.
മുതിർന്ന ക്ലാസുകളിലെ ട്യൂഷനുകൾക്ക് ഉയർന്ന ഫീസാണ് പലരും ഈടാക്കുന്നത്. സയൻസ്, ഗണിത ശാസ്ത്രം എന്നീ വിഷയങ്ങൾക്കാണ് കാര്യമായി ട്യൂഷൻ നൽകുന്നത്. ഇതിന് ഉയർന്ന നിരക്കുകളാണ് പല സെന്ററുകളും ഈടാക്കുന്നത്. ഓരോ വിഷയത്തിൽ മാസത്തിൽ 25 റിയാൽ വരെ ഈടാക്കുന്ന ട്യൂഷൻ സെന്ററുകളുമുണ്ട്.
രണ്ടും മൂന്നും വിഷയങ്ങൾക്ക് ട്യൂഷൻ നൽകേണ്ട രക്ഷിതാക്കൾ വലിയൊര സംഖ്യ മാസന്തോറും ചെലവാക്കേണ്ടി വരുന്നുണ്ട്. 9,10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലാണ് കുട്ടികൾക്ക് കാര്യമായി ട്യൂഷൻ നൽകേണ്ടി വരുന്നത്.
ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന ഫീസാണ് ഈടാക്കുന്നതെന്ന് നേരത്തേ പല രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നു.
പല സ്കൂളുകളും തക്കം കിട്ടിയാൽ ഇനിയും ഫീസ് വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ രക്ഷിതാക്കളുടെ പ്രതിഷേധം ഭയന്നാണ് ഫീസുകൾ വർധിപ്പിക്കാത്തത്. പല രക്ഷിതാക്കൾക്കും സ്കൂൾ ട്യൂഷൻ ഫീ, സ്കൂൾ ഫീ, മറ്റു ഫീസുകൾ അടക്കം ഒരു മാസം 75 റിയാലിലധികം ഒരു കുട്ടിക്ക് ചെലവ് വരുന്നുണ്ട്. പലർക്കും ഇത് താങ്ങാൻ കഴിയാതെ വരുകയാണ്.
ഒമാനിൽ വിദ്യാഭ്യാസച്ചെലവ് വർധിച്ചതോടെ കുട്ടികളെ നാട്ടിലെ സ്കൂളുകളിൽ പഠിക്കാനയക്കുന്ന രക്ഷിതാക്കളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇതിനിടെ ഇന്ത്യൻ സ്കൂളുകളിൽ മുതിർന്ന ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ നിർബന്ധമായ അവസ്ഥയാണ്. അതിനാൽ പല രക്ഷിതാക്കളും ട്യൂഷൻ നൽകാൻ നിർബന്ധിതരുമാണ്.
ഇന്ത്യൻ സ്കൂളുകൾ ഒന്ന് മനസ്സുവെച്ചാൽ ഇത്തരം ട്യൂഷനുകൾ ഒഴിവാക്കാൻ പറ്റുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഉയർന്ന സ്കൂൾ ഫീസിനൊപ്പം വലിയ സംഖ്യ ട്യൂഷൻ ഇനത്തിൽ നൽകാൻ കഴിയില്ലെന്നും രക്ഷിതാക്കൾ പറയുന്നു.
നേരത്തേ ഇന്ത്യൻ സ്കൂളിൽ പഠപ്പിക്കുന്ന അധ്യാപകർതന്നെ വീടുകളിൽ ട്യൂഷനും നടത്തിയിരുന്നു. എന്നാൽ സ്കൂൾ ഡയറക്ടർ ബോർഡ് അധ്യാപകരുടെ ശമ്പളം വർധിപ്പിക്കുകയും സ്വകാര്യ ട്യൂഷന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇത്തരം ട്യൂഷനുകൾ നിലച്ചിട്ടുണ്ട്. ഇപ്പോൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നടപടി കടുപ്പിക്കുന്നതോടെ സ്വകാര്യ ട്യൂഷൻ നടത്തുന്നവർ പലരും രംഗം വിടേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.