കൂടുതൽ സുന്ദരിയാകാൻ ‘മിസ്ഫത്ത് അൽ അബ്രിയീൻ’
text_fieldsമസ്കത്ത്: രാജ്യത്തെ പ്രധാന ടൂറിസം ഗ്രാമങ്ങളിലൊന്നായ മിസ്ഫത്ത് അൽ അബ്രിയീൻ വികസിപ്പിക്കാനായി ദാഖിലിയ ഗവർണറേറ്റ് ഒരുങ്ങുന്നു. ഇതിനായി ടെൻഡർ ക്ഷണിച്ചു.
ആഭ്യന്തര ടൂറിസത്തെ സജീവമായി പ്രോത്സാഹിപ്പിക്കുകയും പുരാവസ്തു സൈറ്റുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സുന്ദര ഗ്രാമം വികസിപ്പിക്കാനായൊരുങ്ങുന്നത്. ആഗസ്റ്റ് 14 വരെ ടെൻഡറുകൾ സമർപ്പിക്കാം.
മിസ്ഫത് അൽ അബ്രിയീനെ 2021 ഡിസംബറിൽ യുനൈറ്റഡ് നാഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ) മികച്ച ടൂറിസം ഗ്രാമങ്ങളിലെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിലെ മിസ്ഫത്ത് അൽ അബ്രിയീൻ ഗ്രാമത്തിലേക്ക് ഓരോ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.
മസ്കത്തില്‍നിന്ന് 230 കിലോമീറ്റര്‍ അകലെ നിസ്വയില്‍നിന്ന് 30 കിലോമീറ്ററിനടുത്ത് സഞ്ചരിച്ചാല്‍ ഈ പച്ചപുതച്ച ഗ്രാമത്തിലെത്താം.
പ്രകൃതി സ്നേഹികളെയും മറ്റും ആകർഷിക്കുന്ന അന്തരീക്ഷമാണ് മിസ്ഫത്തിനുള്ളത്. വിദേശത്തുനിന്നും സുൽത്താനേറ്റിൽനിന്നുമായി നിരവധി സഞ്ചാരികളാണ് ഇവിടെ വരാറുള്ളത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മിസ്ഫത്ത് അൽ അബ്രിയീൻ നിവാസികൾ പട്ടണത്തിലെ പഴയ വീടുകളെല്ലാം പുനരുദ്ധരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റികൊണ്ടിരിക്കുകയാണ്.
കൃഷിതന്നെയാണ് ഇവരുടെ പ്രധാന ജോലി. നാരങ്ങ, ഈത്തപ്പഴം, വാഴ എന്നിവയാണ് പ്രധാന കൃഷി ഇനങ്ങള്‍. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാന്‍ ഫലജുകളും മലകള്‍ക്കിടയിലൂടെ ഒഴുകുന്നു. മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഫലജ് വ്യാപിച്ചു കിടക്കുന്നത്. മിസ്ഫത്തിന്റെ ഹരിത ഭംഗിക്ക് പിന്നിലും ഫലജ് തന്നെയാണ്.
ബ്രിട്ടനിലെ ഡിസ്കവറി ചാനൽ ഉൾപ്പെടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ മിസ്ഫത്ത് അൽ അബ്രിയീൻ ഗ്രാമത്തെക്കുറിച്ച് ഫീച്ചറുകളും മറ്റും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.