മൊബൈൽ, ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം വർധിച്ചു
text_fieldsമസ്കത്ത്: രാജ്യത്ത് മൊബൈൽ, ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി നാഷനൽ സെൻറർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷം ഒമാനിലെ ടെലികമ്യൂണിക്കേഷൻ മേഖലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 2024 സെപ്റ്റംബർ അവസാനത്തോടെ, ഒമാനിലെ പോസ്റ്റ്പെയ്ഡ് മൊബൈൽ സബ്സ്ക്രിപ്ഷനുകൾ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനമാണ് വർധിച്ചിട്ടുള്ളത്.
മൊത്തം ഉപഭോക്താക്കളുടെ എണ്ണം 21.6 ലക്ഷം കടന്നു. അതേസമയം, പ്രീപെയ്ഡ് മൊബൈൽ സബ്സ്ക്രിപ്ഷനുകളിൽ 6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 50.77 ലക്ഷമായാണ് കുറഞ്ഞിരിക്കുന്നത്. പ്രീപെയ്ഡ് ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പ്രീപെയ്ഡും പോസ്റ്റ്പെയ്ഡും ഉൾപ്പെടെ മൊത്തത്തിലുള്ള മൊബൈൽ ഫോൺ സബ്സ്ക്രിപ്ഷനുകളുടെ എണ്ണം 1.2 ശതമാനം വർധിച്ചിട്ടുണ്ട്. മൊബൈൽ സബ്സ്ക്രിപ്ഷനുകളിൽ മൊത്തം 38 ലക്ഷം മൊബൈൽ ഓപറേറ്റർമാർ ഇഷ്യൂ ചെയ്തതും 12 ലക്ഷം റീസെയിൽ ചാനലുകളിൽ നിന്നുള്ളതാണ്.
ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉപയോഗവും രാജ്യൽത്ത് വളർച്ച കൈവരിച്ചിട്ടുണ്ട്. സജീവ മൊബൈൽ ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷനുകൾ സെപ്റ്റംബർ അവസാനത്തോടെ 58 ലക്ഷം കടന്നു. ഫിക്സഡ് ഇന്റർനെറ്റ് സബ്സ്ക്രിപ്ഷനുകൾ 2023 സെപ്റ്റംബറിനെ അപേക്ഷിച്ച് 3.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഫിക്സഡ് ബ്രോഡ്ബാൻഡ് കണക്ഷനുകൾ-സെക്കൻഡിൽ 256 കിലോബൈറ്റ് വേഗതയിൽ കൂടുതലുള്ളവ-3.5 ശതമാനം വർധിച്ചു. എന്നാൽ കുറഞ്ഞ വേഗതയുള്ള ഇന്റർനെറ്റ് സബ്സ്ക്രിപ്ഷനുകൾ കുറവായി തന്നെ തുടരുകയാണ്.
പരമ്പരാഗത ഫിക്സഡ് ലൈൻ സബ്സ്ക്രിപ്ഷനുകൾ 25.1 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ലൈനുകൾ ഉൾപ്പെടെയുള്ള അനലോഗ് ഫിക്സഡ് ലൈൻ സേവനങ്ങൾ 72.6 ശതമാനം ഇടിഞ്ഞ് 62,749 സബ്സ്ക്രിപ്ഷനുകളായി. ഇതിനു വിപരീതമായി, ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐ.പി) സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചിട്ടുള്ള ഫിക്സഡ് ലൈനുകളുടെ എണ്ണം 10.5 ശതമാനം വർധിച്ച് 3.18 ലക്ഷമായി. ഫിക്സഡ് അനലോഗ് ടെലിഫോൺ ലൈനുകളുടെ എണ്ണം ഏറ്റവും കൂടുതൽ മസ്കത്തിലാണുള്ളത്. രാജ്യത്തെ ഗവർണറേറ്റുകളിലെ 48ശതമാനവും മസ്കത്തിലാണുള്ളത്. ദോഫാറിൽ 10.55 ശതമാനവും വടക്കൻ ബാത്തിന 10.85 ശതമാനവും ബാക്കിയുള്ള ഗവർണറേറ്റുകൾ 30.15 ശതമാനവുമാണുള്ളത്.
ഈ സ്ഥിതിവിവര കണക്കുകൾ ഒമാനിലെ ടെലികമ്മ്യൂണിക്കേഷൻ രംഗം കൂടുതൽ വികസിച്ചുകൊണ്ടിരിക്കുന്നതായാണ് വ്യക്തമാക്കുന്നത്. താമസക്കാർ പോസ്റ്റ്പെയ്ഡ്, ഹൈ-സ്പീഡ് ബ്രോഡ്ബാൻഡ് സേവനങ്ങളിലേക്ക് മാറുകയും പരമ്പരാഗത ഫിക്സഡ്-ലൈൻ കണക്ഷനുകളുടെ ആവശ്യക്കാർ കുറയുകയും ചെയ്യുന്നതായും ഇത് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.