ഭക്ഷ്യശുചിത്വം ഉറപ്പാക്കാൻ മൊബൈൽ ലബോറട്ടറി
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ ഖരീഫ് ആഘോഷിക്കാനെത്തുന്ന സന്ദർശകർക്ക് ലഭിക്കുന്ന ഭക്ഷണം ആരോഗ്യകരമാണെന്ന് ഉറപ്പുവരുത്താൻ നടപടിയുമായി അധികൃതർ. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി മൊബൈൽ ഫുഡ് ലബോറട്ടറി സജ്ജമാക്കിയാണ് ദോഫാർ മുനിസിപ്പാലിറ്റി നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഖരീഫ് ആസ്വദിക്കാനെത്തുന്നവരുടെ ക്ഷേമവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിനും ഭക്ഷണത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കാനുമാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷണ-പാനീയ സാമ്പ്ളുകൾ ഓൺ-സൈറ്റിൽ വാഹനത്തിൽ എത്തിച്ചേർന്ന് വേഗത്തിൽ പരിശോധിക്കുന്നതിനാണ് മൊബൈൽ ഫുഡ് ലബോറട്ടറി ഉപയോഗിക്കുക. അതിവേഗം പരിശോധന ഫലങ്ങൾ ലഭിക്കുന്നുവെന്നതാണ് ലബോറട്ടറിയുടെ പ്രധാന നേട്ടങ്ങളിലൊന്നെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
സമയമെടുക്കുന്ന ലബോറട്ടറി പരിശോധനകളെ ആശ്രയിക്കുന്നതിനുപകരം സൈറ്റിലെ സാമ്പ്ളുകൾ വേഗത്തിൽ വിലയിരുത്താൻ കഴിയുന്നതിലൂടെ നടപടിയും വേഗത്തിലാകും. സുരക്ഷ മാനദണ്ഡങ്ങളിൽനിന്ന് എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ രാജ്യത്തെ നിയമമനുസരിച്ച് നടപടി നേരിടേണ്ടിവരും.
പൊതു ആഘോഷങ്ങളിലും സീസൺ പരിപാടികളിലും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ സഹായിക്കുന്നതാണ് മൊബൈൽ ഫുഡ് ലബോറട്ടറിയെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.