മൊബൈൽ ടവറുകളിൽനിന്നുള്ള റേഡിയേഷൻ പഠനവിധേയമാക്കുന്നു
text_fieldsമസ്കത്ത്: മൊബൈൽ ടവറുകളിൽനിന്നും മൊബൈൽ ഫോണുകളിൽ നിന്നുമുള്ള ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങൾ ആരോഗ്യത്തിന് ഏതെങ്കിലും തരത്തിൽ ഹാനികരമാണോയെന്ന വിഷയത്തിലുള്ള ശാസ്ത്രീയ ചർച്ചകൾ ദീർഘനാളായി ആഗോളതലത്തിൽ തന്നെ നടന്നുവരുന്ന ഒന്നാണ്. ഒമാനിലെ വാർത്ത വിനിമയ രംഗത്തിെൻറ നിയന്ത്രണാധികാര ചുമതലയുള്ള ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റിയും (ട്രാ ഒമാൻ) ഇൗ വിഷയത്തിൽ പഠനം നടത്താൻ ഒരുങ്ങുകയാണ്. മൊബൈൽ സേവന ദാതാക്കളുടെ ടവറുകളിൽ നിന്നുള്ള ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുടെ ആഘാതത്തെ കുറിച്ച് പഠിക്കാൻ കൺസൽട്ടൻസികളിൽ നിന്ന് ട്രാ ഒമാൻ അപേക്ഷകൾ ക്ഷണിച്ചു. 'എൻഗേജ് കൺസൽട്ടൻറ് ഫോർ അസസ്മെൻറ് ഒാഫ് ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ്സ് എക്സ്പോഷർ ഒാഫ് ടെലികോം സൈറ്റ്സ്' തലക്കെട്ടിലാണ് ടെൻഡർ ക്ഷണിച്ചത്. യോഗ്യതയും പരിചയസമ്പന്നതയും ഉള്ള കൺസൽട്ടിങ് കമ്പനികൾക്ക് ആഗസ്റ്റ് 27നുള്ളിൽ അപേക്ഷകൾ സമർപ്പിക്കാം.
ഇലക്ട്രോ മാഗ്നറ്റിക് ആവൃത്തിയിലുള്ള റേഡിയേഷൻ മനുഷ്യർക്ക് അപകട ഭീഷണി ഉയർത്തുന്നതാണെന്നും അല്ലെന്നുമുള്ള നിരവധി പഠന റിപ്പോർട്ടുകൾ ഇതിനകം വിവിധ രാജ്യങ്ങളിൽനിന്ന് പുറത്തുവന്നിട്ടുണ്ട്. ടെലികോം കമ്പനികളുടെ ബേസ് ട്രാൻസീവർ സ്റ്റേഷനുകളിൽ (ബി.ടി.എസ്) നിന്നുള്ളതും മൊബൈൽ ഹാൻഡ് സെറ്റുകളിൽ നിന്നുള്ള റേഡിയേഷനുകളെയാണ് ആരോഗ്യ വിദഗ്ധർ ആശങ്കയോടെ കണക്കിലെടുക്കുന്നത്. തുടർച്ചയായി ഇത്തരം റേഡിയേഷനുകൾ ഏൽക്കുന്നവർക്ക് അപകടകരമായ തെർമൽ, നോൺ തെർമൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നുള്ള വിലയിരുത്തലുകളുണ്ട്. ചില വ്യവസായ സ്ഥാപനങ്ങളിലും മറ്റുമുള്ള ആർ.എഫ് ഹീറ്ററുകളടക്കമുള്ള ഉപകരണങ്ങളാണ് ആരോഗ്യത്തെ ബാധിക്കുകയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇവ പുറത്തുവിടുന്ന വളരെ ഉയർന്ന ആവൃത്തിയിലുള്ള റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾവഴി ശരീര താപനില ഒരു ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. ബേസ് സ്റ്റേഷനുകളിൽ നിന്നും വയർലസ് നെറ്റ്വർക്കുകളിൽ നിന്നുമുള്ള റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ശരീരത്തെ ബാധിക്കുംവിധം ശക്തമല്ല. പൊതുസ്ഥലങ്ങളിൽ ഇത്തരം ബേസ്സ്റ്റേഷനുകളിൽ നിന്നും മറ്റുമുള്ള റേഡിയോ തരംഗങ്ങളുടെ തീവ്രത അന്താരാഷ്ട്ര നിലവാരത്തേക്കാൾ ആയിരത്തിലധികം ഇരട്ടി താഴെയാണെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.