ആധുനിക സ്കൂൾ ബസ്, യുവജനകാര്യം: ഒമാനും ഖത്തറും ധാരണപത്രം ഒപ്പുവെച്ചു
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം മസ്കത്തിൽ ചേർന്ന ഒമാനി-ഖത്തർ സംയുക്ത സമിതി മന്ത്രിതല യോഗത്തോടെ സമാപിച്ചു. രണ്ട് ദിവസത്തെ യോഗത്തിൽ ഒമാനിപക്ഷത്തെ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സിയും ഖത്തർ പ്രതിനിധി സംഘത്തെ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കവാരിയുമായിരുന്നു നയിച്ചത്. സാമ്പത്തികവും വ്യാപാരവും ഉൾപ്പെടെ വിവിധ മേഖലകളിലെ സഹകരണവും സംയുക്ത നിക്ഷേപ പദ്ധതികളിലെ പുരോഗതിയും യോഗത്തിൽ സമിതി ആരാഞ്ഞു.
യോഗത്തിന്റെ സമാപനത്തിൽ, ഒമാനിലെ സാംസ്കാരിക, കായിക, യുവജന മന്ത്രാലയവും ഖത്തറിലെ കായിക യുവജന മന്ത്രാലയവും രണ്ട് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങൾക്കും വേണ്ടി അതത് ധനമന്ത്രിമാരാണ് ധാരണപത്രങ്ങളിൽ ഒപ്പിട്ടത്.
യുവജന സ്ഥാപനങ്ങൾക്കിടയിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയം സുഗമമാക്കുന്നതിനും വൈദഗ്ധ്യവും ഗവേഷണവും കൈമാറ്റം ചെയ്യാനും യുവജന വികസനവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് യുവജനമേഖലയിൽ ഒപ്പുവെച്ച ധാരണപത്രം.
വൈദഗ്ധ്യ കൈമാറ്റം, കായിക സൗകര്യങ്ങളുടെ നടത്തിപ്പ്, പരിപാലനം, നിക്ഷേപം, വിപണന സംവിധാനങ്ങൾ എന്നിവ കൈകാര്യം ചെയ്യുക, സ്ത്രീകളുടെ കായികവികസനം, ഭിന്നശേഷികാർക്കുള്ള സ്പോർട്സ്, സ്പോർട്സ് മെഡിസിൻ സ്പെഷ്യലൈസേഷനുകൾ എന്നിവയും കരാറിലൂടെ ലക്ഷ്യമിടുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയവും ഒമാൻ വികസന ബാങ്കും (ഒ.ഡി.ബി) ഖത്തറിലെ കർവ മോട്ടോഴ്സ് കമ്പനിയും മറ്റൊരു ധാരണപത്രത്തിൽ ഒപ്പുവെച്ചു. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല ബിൻ ഖാമിസ് അംബുസൈദി, ഒ.ഡി.ബി ചെയർമാൻ എൻജിനീയർ മുഹമ്മദ് ബിൻ അബൂബക്കർ അൽ ഗസാനി, കർവ മോട്ടോഴ്സ് കമ്പനി ചെയർമാൻ ഡോ. സാദ് ബിൻ അഹമ്മദ് അൽ മോഹൻനാദി എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്.
ഒമാനിലെ സർക്കാർ സ്കൂളുകളിൽ സർവിസ് നടത്തുന്ന നിലവിലുള്ള ബസുകൾക്ക് പകരം ഉയർന്ന സുരക്ഷയും സവിശേഷതകളുമുള്ള ആധുനിക വാഹനങ്ങൾ നൽകുന്നതിനാണ് ഈ ധാരണപത്രങ്ങൾകൊണ്ട് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.