വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടുന്നത് വർധിക്കുന്നു
text_fieldsസൊഹാർ: ഒരാളുടെ ഫേസ് ബുക്ക് അക്കൗണ്ട് വ്യാജമായി നിർമിച്ച് അയാളുടെ അടുത്ത സുഹൃത്തുക്കളിൽനിന്നും പണം തട്ടിയെടുക്കുന്നത് വർധിക്കുന്നു. ഈയടുത്ത കാലത്ത് നിരവധി പ്രവാസികളാണ് ഇത്തരം വ്യാജ അക്കൗണ്ടുകളിൽനിന്നുള്ള സന്ദേശം ലഭിച്ചതിന് പണം അയച്ചുകൊടുത്തിരിക്കുന്നത്. പിന്നീട് ദിവസങ്ങൾ കഴിഞ്ഞാണ് പർക്കും മനസ്സിലാകുന്നത് തങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെ പേരിൽ നിർമിച്ച വ്യാജ അക്കൗണ്ടായിരുന്നു ഇതെന്ന്.
സുഹൃത്ത് വലയങ്ങളിലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തികളുടെ സന്ദേശമാണ് പലർക്കും ലഭിക്കുന്നത്. ' ഞാൻ ഒരു സ്ഥലത്ത് നിൽക്കുകയാണ്, എെൻറ ബാങ്ക് അക്കൗണ്ട് വർക്ക് ചെയ്യുന്നില്ല, അത്യാവശ്യമായി ഈ നമ്പറിൽ കുറച്ചു കാശ് അയച്ചുതരുമോ', ഇതുപോലെയോ ഇതിന് സമാനമായോ ആണ് മെസേജ് വരുന്നതെന്ന് പലരും പറയുന്നു. സഹായത്തിനായി ആവശ്യപ്പെടുന്നവർ വളരെ വേണ്ടപ്പെട്ടവർ ആയതിനാൽ തട്ടിപ്പ് രീതിയെ കുറിച്ച് ചിന്തിക്കുന്നതിനുമുമ്പ് തന്നെ കാശ് അയച്ചുകൊടുത്തവരാണ് പെട്ടുപോകുന്നത്.
ഒമാനിലെ ബന്ധുവിെൻറ പേരിൽ വന്ന സന്ദേശത്തിന് കാശ് അയച്ചു കൊടുത്ത് അബൂദബിയിലെ വില്യാപള്ളി സ്വദേശിക്ക് 500 ദിർഹം നഷ്ടമായി. നിലവിൽ ഫേസ്ബുക് അക്കൗണ്ടുള്ള ആളിൽനിന്ന് പുതിയ റിക്വസ്റ്റ് വരുമ്പോൾ വ്യക്തത വരുത്തിയെ സ്വീകരിക്കാവൂ എന്നാണ് ഈ തട്ടിപ്പിൽ കുടുങ്ങാതിരിക്കാനുള്ള മാർഗമെന്ന് ഓൺലൈൻ മേഖലയിലുള്ളവർ പറയുന്നു.
പണം മാത്രമല്ല, മാനംപോയവരുമുണ്ട്. വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണത്തിനായി ആവശ്യപ്പെട്ടവരോട് പൊലീസിൽ അറിയിക്കും എന്നൊക്കെ പറഞ്ഞു ഭീഷണി മുഴക്കിയാൽ, അശ്ലീല ഫോട്ടോയും വിഡിയോയും പുതിയ ഫ്രണ്ട് ലിസ്റ്റിൽ ചേർന്നവർക്ക് അയച്ചുകൊടുക്കും. ഇങ്ങനെ മാനഹാനി നേരിട്ട ആളുകൾ സൊഹാറിൽ ഉണ്ട്. പരാതി പറഞ്ഞാൽ ഒന്നും അവസാനിക്കുന്നതല്ല ഈ തട്ടിപ്പ്. പുതിയ രീതികളും മാറ്റങ്ങളുമായി ഇത്തരം വ്യാജന്മാർ രംഗത്തുവരുകയും ചെയ്യും.
സമൂഹമാധ്യമങ്ങളിലെ തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരായി മുന്നോട്ടുപോകുകയാണ് ഇത്തരം ആളുകളെ തടയിടാനുള്ള മാർഗമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.