ആ ലിങ്കിൽ ക്ലിക്കണ്ട, മുട്ടൻപണിയാണ്...
text_fieldsമസ്കത്ത്: സംശയാസ്പദമായ ഇടപാട് കാരണം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തുക തടഞ്ഞുവെച്ചിരിക്കുകയണെന്ന് കാണിച്ച് അയക്കുന്ന എസ്.എം.എസുകൾ തട്ടിപ്പാണെന്ന് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു. തുക വീണ്ടെടുക്കാനായി ലിങ്കിൽ ക്ലിക്ക് ചെയ്യാമെന്നാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ, ഇങ്ങനെ ക്ലിക്ക് ചെയ്യുന്നതിലൂടെ ഉപഭോക്താക്കളുടെ ബാങ്കിങ് വിവരങ്ങൾ ചോർത്താനാണ് തട്ടിപ്പ് സംഘം ശ്രമിക്കുന്നത്.
ലിങ്കിൽ ക്ലിക്കിയാൽ അക്കൗണ്ടിൽനിന്ന് പണംപോകാനുള്ള സാധ്യതയും കൂടുതലാണ്. തുക തടഞ്ഞുവെച്ചിരിക്കുകയണെന്ന് കാണിച്ചുള്ള എസ്.എം.എസിൽ പഭ്രാന്തരാകരുതെന്നും ജാഗ്രതപാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
സംശയാസ്പദമായ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ പങ്കിടുകയോ ചെയ്യരുത്. ഇത്തരമൊരു സന്ദേശം ലഭിക്കുകയാണെങ്കിൽ, അത് യഥാർഥമാണോയെന്ന് പരിശോധിക്കാൻ ഉടൻ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടണം. ബാങ്കുകളിൽനിന്നുള്ള സന്ദേശങ്ങൾ എപ്പോഴും രണ്ടുതവണ പരിശോധിക്കുകയും സ്ഥിരീകരണത്തിനായി ഔദ്യോഗിക ബാങ്ക് കോൺടാക്റ്റ് നമ്പറുകൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി നിർദേശിച്ചു.
ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ശക്തമായ ബോധവത്കരണമാണ് റോയൽ ഒമാൻ പൊലീസും ബാങ്കിങ് മേഖലയും നടത്തുന്നത്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്നതടക്കമുള്ള തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നൽകിയതോടെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കാൻ തുടങ്ങിയിരുന്നു. ഇത് മനസ്സിലാക്കിയ തട്ടിപ്പ് സംഘം പുത്തൻ അടവുകളാണ് ഇരകളെ വീഴ്ത്താൻ ഉയോഗിക്കുന്നത്.
പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു. സുരക്ഷ കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടണമെന്നും പറഞ്ഞാണ് നടക്കുന്ന തട്ടിപ്പുകളിലൊന്ന്. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്ന മറ്റൊരു രീതിക്കെതിരെയും മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ് എത്തിയിരുന്നു. പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ആർ.ഒ.പി അറിയിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടും. എന്നിട്ട് സംഘം മുമ്പ് തട്ടിപ്പിലൂടെ നേടിയ തുക ഇതിലേക്ക് കൈമാറും. പിന്നീട് അവരുടെ യഥാർഥ അക്കൗണ്ടിലേക്ക് ഉടൻതന്നെ കൈമാറുകയും ചെയ്യുന്ന രീതിയാണ് സംഘം സ്വീകരിച്ചിരുന്നത്.
ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയുംകുറിച്ച് ജാഗ്രത തുടരണമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.