ഒമാനിൽനിന്നുള്ള വിദേശികളുടെ പണമയക്കൽ കുറഞ്ഞു
text_fieldsമസ്കത്ത്: കോവിഡ് പ്രതിസന്ധിയും വിദേശികളുടെ കൊഴിഞ്ഞുപാേക്കും കാരണം ഒമാനിൽനിന്ന് വിദേശികളുടെ നാട്ടിലേക്കുള്ള പണമയക്കൽ കുറഞ്ഞു. ഒമാനിലെ വിദേശി ജീവനക്കാർ നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പണമയക്കുന്നത് കഴിഞ്ഞ എട്ടു വർഷത്തിനുള്ളിലെ ഏറ്റവും കുറവാണ് കഴിഞ്ഞ വർഷമുണ്ടായത്. 2019നെക്കാൾ നാലു ശതമാനം കുറവാണ് കഴിഞ്ഞവർഷം വിദേശികൾ നാട്ടിലേക്ക് അയച്ച മൊത്തം തുക. 2019ൽ 3.51 ശതകോടി റിയാൽ ആയിരുന്നത് കഴിഞ്ഞ വർഷം 3.37 ശതകോടി റിയാലായാണ് കുറഞ്ഞതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ പറയുന്നു.
വിദേശികൾ ഏറ്റവും കൂടുതൽ നാട്ടിലേക്ക് പണം അയച്ചത് 2015ലാണ്. 4.22 ശതകോടി റിയാലാണ് ആ വർഷം വിദേശികൾ അയച്ചത്. കഴിഞ്ഞ വർഷം പണമയക്കൽ കുറയാൻ പ്രധാന കാരണം വിദേശികളുടെ ജോലിനഷ്ടവും ശമ്പളക്കുറവുമാണ്. കോവിഡ് മഹാമാരി ഒമാൻെറ സാമ്പത്തിക മേഖലയെയും സ്വകാര്യ കമ്പനികളെയും സാരമായി ബാധിച്ചു. പ്രതിസന്ധി കാരണം സ്വകാര്യ കമ്പനികൾ ജീവനക്കാരെ കുറക്കുകയും ശമ്പളം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
വിദേശ ജോലിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും ശമ്പളത്തിൽ കുറവ് വന്നതുമാണ് പണമയക്കലിനെ പ്രതികൂലമായി ബാധിച്ചതെന്ന് പണം ഇടപാട് സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറയുന്നു. യാത്രവിലക്ക് കാരണം നിരവധി പേരാണ് നാട്ടിൽ കുടുങ്ങിയത്. ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇതെല്ലാം വിദേശികളുടെ പണമയക്കലിനെ ബാധിച്ചിരുന്നു. കഴിഞ്ഞ വർഷം ഒമാനിലെ വിദേശി ജനസംഖ്യ 15.7 ശതമാനം കുറഞ്ഞിരുന്നു. 2.70 ലക്ഷം വിദേശികൾക്ക് 2020ൽ ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിൽ 1.25 ലക്ഷം പേരും ഇന്ത്യക്കാരായിരുന്നു. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കണക്കനുസരിച്ച് 2019 അവസാനത്തിൽ 17.12 ലക്ഷം വിദേശികളാണ് ഒമാനിലുണ്ടായിരുന്നത്. 2020 ഡിസംബറിൽ ഇത് 14.43 ലക്ഷമായി കുറഞ്ഞു. അതായത് 2020ൽ 2,69,670 വിദേശികൾ രാജ്യം വിട്ടു. സാമ്പത്തിക അനിശ്ചിതത്വവും ശമ്പളം വൈകലും കാരണം വിദേശി ജോലിക്കാർ പണം നാട്ടിൽ അയക്കാതെ ഒമാനിൽ തന്നെ സൂക്ഷിക്കുന്ന പ്രവണതയുണ്ട്. രോഗമോ മറ്റ് അത്യാവശ്യമോ വന്നാൽ പണം ചെലവഴിക്കേണ്ടി വരുെമന്നതിനാലാണിത്.
വിദേശികളുടെ ഇൗ മാനസികാവസ്ഥയും പണം അയക്കുന്നത് കുറയാൻ കാരണമായിട്ടുണ്ട്. യാത്രവിലക്കുകൾ പൂർണമായി പിൻവലിച്ചതോടെ സാമ്പത്തിക മേഖല മെച്ചപ്പെടുകയാണ്. അടുത്ത വർഷം മുതൽ പണം അയക്കുന്നത് വർധിക്കാൻ സാധ്യതയുണ്ട്. ലോകബാങ്ക് റിപ്പാേർട്ട് അനുസരിച്ച് ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള വിദേശികളുടെ പണം അയക്കൽ ഇൗ വർഷവും കുറയാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.