സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും –തൊഴിൽമന്ത്രാലയം
text_fieldsമസ്കത്ത്: കഴിവുള്ള സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തൊഴിൽപരിശീലന അവസരങ്ങൾ ഒരുക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ മുൻഗണനയോടെ തുടരുമെന്നും തൊഴിൽമന്ത്രാലയം അണ്ടർ സെക്രട്ടറി സയ്യിദ് സാലിം അൽ ബുസൈദി പ്രാദേശിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാജ്യത്തെ എല്ലാ മേഖലകളിലും കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രയത്നങ്ങൾ തുടർന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലധിഷ്ഠിത, പരിശീലന പദ്ധതിപ്രകാരം 600 പുരുഷ, വനിത നഴ്സുമാർക്ക് സർക്കാർ മേഖലയിൽ തൊഴിലവസരം ലഭ്യമാക്കി. ഇതിന് കീഴിൽ സ്വകാര്യ മേഖലയിൽ 140 പേർക്കും തൊഴിലവസരങ്ങൾ നൽകി.
400 സാങ്കേതിക വിദഗ്ധർക്ക് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ രണ്ട് വർഷത്തെ പരിശീലനം നൽകിവരുകയാണ്. ശേഷം ഇവർക്ക് തൊഴിൽ നൽകുമെന്നും സയ്യിദ് സാലിം അൽ ബുസൈദി പറഞ്ഞു. വിദേശികൾക്ക് പകരം ഇവരെ നിയമിക്കാനാണ് പദ്ധതി.
കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ വിപണിയിൽ ശുഭലക്ഷണങ്ങൾ പ്രകടമാണ്. ഇത് തൊഴിൽവിപണിയിൽ വളർച്ചക്ക് വഴിയൊരുക്കും.
2021 ജൂലൈ വരെയുള്ള കണക്കുപ്രകാരം 2.57 ലക്ഷം ഒമാനികളാണ് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത്. കഴിഞ്ഞവർഷം അവസാനം ഇത് 2.54 ലക്ഷമായിരുന്നു. 54,635 ഒമാനികൾ നിർമാണമേഖലയിലാണ് തൊഴിലെടുക്കുന്നത്. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് നിർമാണമേഖല. രണ്ടാമതുള്ള ഒാട്ടോമൊബൈൽ മേഖലയിൽ 37,560 പേരും തൊഴിലെടുക്കുന്നുണ്ട്.
സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികളുടെ 2020 അവസാനം 11.48 ലക്ഷമായിരുന്നത് കഴിഞ്ഞ ജൂലൈ അവസാനം 11.02 ലക്ഷമായി കുറഞ്ഞതായും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു.
സർക്കാർ മേഖലയിലെ വിദേശജോലിക്കാരുടെ എണ്ണത്തിൽ വർഷത്തിെൻറ ഏഴ് മാസത്തിൽ 3000 പേരുടെ കുറവുണ്ടായി.
സ്വകാര്യ മേഖലയിലെ വിദേശികളിൽ കൂടുതൽപേരും നിർമാണമേഖലയിലാണ് തൊഴിലെടുക്കുന്നത്. 3.80 ലക്ഷം പേരാണ് നിർമാണമേഖലയിൽ ജോലിയെടുക്കുന്നത്. ഉൽപാദനമേഖലയിൽ 1.67 ലക്ഷവും ഹോസ്പിറ്റാലിറ്റി മേഖലയിൽ ഒരുലക്ഷത്തിലധികം പേരും തൊഴിലെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.