മലയാളി യുവാക്കളിൽ കന്തുറ ജ്വരം; തയ്യൽ മേഖലയിൽ വീണ്ടും ഉണർവ്
text_fieldsസീബ്: സ്വദേശികളുടെ കന്തുറ തയ്ച്ചെടുക്കുന്നതിൽ വിദഗ്ധരായ തുന്നൽപണിക്കാരുള്ള സീബ് സൂക്കിൽ കച്ചവടം ഈ വർഷം സജീവമാണ്. കഴിഞ്ഞ രണ്ടു സീസണിലും കോവിഡ് മൂലം വെറുതെ ഇരിക്കേണ്ടിവന്നവരായിരുന്നു ഈ മേഖലയിലുള്ളവർ. സൂക്കിനുള്ളിലും പുറത്തും നിരവധി തയ്യൽ ഷോപ്പുകളുണ്ട്. ഒമാനിൽ പഴയകാലങ്ങളിൽ കന്തുറ തയ്യലിനായി ദൂരദിക്കുകളിൽനിന്നുപോലും സ്വദേശികൾ സീബിൽ എത്തിയിരുന്നു. സീബ് മേഖലയായിരുന്നു തുന്നൽ രംഗത്ത് ഒമാനിൽ അറിയപ്പെടുന്ന ഇടം.
ഇതിനിടെ മലയാളികളായ യുവാക്കളിൽ കന്തുറ ധരിക്കുക എന്നത് ഫാഷനായി മാറിയിരിക്കുകയാണ്. അതിൽ പ്രിയം ഖത്തറി കന്തുറക്കാണ്.
കോളറുള്ള കന്തൂറ ഖത്തറിയും കുവൈത്തിയുമാണ്. ഇതിൽ പ്രിയം ഖത്തറിക്കാണെന്ന് സൂക്കിൽ 41 വർഷമായി തയ്യൽജോലി ചെയ്യുന്ന പാകിസ്താൻ സ്വദേശി ഹാജി ഷബീർ അഹമ്മദ് പറയുന്നു. നിരവധി മലയാളികളാണ് ദിനവും കന്തുറ തയ്ക്കാൻ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തയ്ക്കാനുള്ള തുണിയടക്കമാണ് കൂലി വാങ്ങിക്കുന്നത്. മേൽത്തരം കമ്പനികളുടെ തുണികൾ ലഭ്യമാണ്. ഒരു ഖത്തറി കന്തുറ തയ്ക്കാൻ തുണിയടക്കം 15 മുതൽ 20 റിയാൽവരെ ചെലവ് വരും. എന്നാലും മലയാളികളുടെ കന്തുറ ജ്വരത്തിൽ മാറ്റമില്ല. തങ്ങളുടെ കുട്ടികൾക്കും കന്തുറ ധരിപ്പിച്ച് പെരുന്നാൾദിനം വ്യത്യസ്തമാക്കാനുള്ള ശ്രമത്തിലാണ് മലയാളികൾ. ഈ പ്രാവശ്യം ഖത്തറി കന്തുറ തയ്ക്കാൻ കൊടുത്തിട്ടുണ്ടെന്നും അതും ധരിച്ചുകൊണ്ടാണ് ഈദ് നമസ്കാരത്തിന് പോകുക എന്ന് മലയാളിയായ റസാഖ് അറവിലകത്ത് പറഞ്ഞു.
പാകിസ്താനികളും ഇന്ത്യയിലെ രാജസ്ഥാൻ സ്വദേശികളുമാണ് ഈ തയ്യൽമേഖലയിൽ കൂടുതൽ. മലയാളികൾ മുമ്പ് ഈ രംഗത്ത് സജീവമായിരുന്നെങ്കിലും ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്.
സ്വദേശികളുടെ കന്തുറ നിർമാണം സൂക്ഷ്മമായും ശ്രദ്ധയോടെ ചെയ്യേണ്ടതുമാണെന്ന് സൂക്കിലെ മറ്റൊരു ടെയ് ലർ പറയുന്നു. റെഡിമെയ്ഡ് കന്തുറ മാർക്കറ്റിൽ ലഭ്യമാണെങ്കിലും സ്വദേശികൾ അളവിനനുസരിച്ച് തയ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ സീസൺ നല്ല കച്ചവടമാണ്. പുതുതായിവരുന്നവരുടെ ഓർഡർ എടുക്കാൻപോലും പറ്റുന്നില്ല എന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.