പ്രതിദിന കേസുകൾ 150ഉം കടന്ന് കോവിഡ്
text_fieldsമസ്കത്ത്: രാജ്യത്ത് കോവിഡ് കേസുകൾ മുകളിലേക്കുതന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 176 പേർക്ക് രോഗം ബാധിച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
കഴിഞ്ഞ മൂന്നു ദിവസവും പ്രതിദിന രോഗികളുടെ എണ്ണം നൂറിന് മുകളിലാണ്. വ്യാഴം- 119, വെള്ളി -102, ശനി-122, എന്നിങ്ങനെയാണ് ആളുകൾക്ക് കോവിഡ് ബാധിച്ചത്.
രാജ്യത്ത് 3,06,008 ആളുകൾക്കാണ് ഇതുവരെ മഹാമാരി പിടിപെട്ടിരിക്കുന്നത്. 44 ആളുകൾ പുതുതായി രോഗമുക്തി നേടി. ആകെ 3,00,532 ആളുകൾക്കാണ് അസുഖം ഭേദമായത്. 98.2 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതോടെ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 14 ആയി. ഇതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്ന 1359 ആളുകളാണുള്ളത്. 4,117 പേർ ഇതുവരെ മരിച്ചു. കോവിഡ് കേസുകൾ പിടിതരാതെ മുന്നോട്ടുപോകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഒരിടവേളക്കു ശേഷമാണ് കേസുകൾ കുതിച്ചുയർന്നു തുടങ്ങിയത്. നവംബറിൽ ആകെ 263 ആളുകൾക്കാണ് രോഗം പിടിപെട്ടത്. ഇത് 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്നതാണ്. 373 ആളുകൾക്ക് അസുഖം ഭേദമായി. എന്നാൽ, ഡിസംബർ പകുതിയോടെ വീണ്ടും പോസിറ്റിവ് കേസുകൾ വർധിച്ചു.
ഡിസംബർ 30 വരെ 935 ആളുകൾക്കാണ് കോവിഡ് പിടിപെട്ടത്. 376 പേർക്ക് മാത്രമാണ് അസുഖം ഭേദമായത്. അതേസമയം, ബൂസ്റ്റർ ഡോസടക്കം നൽകി കോവിഡിനെതിരെ ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.