ഖരീഫ് സീസൺ ആസ്വദിക്കാൻ സലാല എയർപോർട്ട് വഴി യാത്ര ചെയ്തത് മൂന്ന് ലക്ഷത്തിലേറെ പേർ
text_fieldsസലാല: കണ്ണിനും മനസ്സിനും കുളിർമയേകുന്ന സലാലയിലെ ഖരീഫ് സീസൺ ആസ്വദിക്കാൻ സലാല എയർപോർട്ട് വഴി യാത്ര ചെയ്തത് മൂന്ന് ലക്ഷത്തിലേറെ ആളുകൾ.
ജൂൺ മുതൽ ആഗസ്റ്റ് 13 വരെ 3,15,000 യാത്രക്കാർ എത്തിയതായാണ് കണക്ക്. ആഴ്ചയിൽ 195 വിമാനങ്ങളാണ് സലാല എയർപോർട്ടിലേക്ക് വരുകയും പോകുകയും ചെയ്യുന്നത്. ഖരീഫ് സീസൺ ആരംഭിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കാണ് സലാലയിലേക്ക്.
വെള്ളച്ചാട്ടങ്ങളും മഞ്ഞണിഞ്ഞ മലനിരകളും മാത്രമല്ല, സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള വിനോദങ്ങളും ഇത്തവണ സലാലയിൽ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഏറെ സഞ്ചാരികൾ എത്തുന്ന വാദി ദർബാത്തിലെ സിപ്ലൈനുകൾ നിരവധി പേരെയാണ് ആകർഷിക്കുന്നത്. ഖരീഫ് കാലത്തോടനുബന്ധിച്ച് ഒരുക്കിയ സലാല ഭക്ഷ്യമേളയും ഏറെ വിജയകരമായിരുന്നു.
ഖരീഫ് കാലത്ത് സലാലയിലെത്തുന്നവരെ ഏറെ കുളിരണിയിക്കുന്നത് പത്തിലധികം വെള്ളച്ചാട്ടങ്ങളാണ്.
ഇവയിൽ അധികവും ഖരീഫ് കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്നവയാണ്. പെരുംചൂടിൽനിന്ന് ആശ്വാസം തേടി സലാലയിലെത്തുന്നവർക്ക് കാഴ്ചവസന്തം തന്നെയാണ് ഈ വെള്ളച്ചാട്ടങ്ങൾ. വെള്ളച്ചാട്ടങ്ങളോട് അനുബന്ധിച്ച് നിരവധി വിനോദ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വാദി ദർബാത്ത്, ഐൻ അതൂം, ഐൻ ഖൗർ, ഖയൂത്ത്, സഹൽനൂത്ത്, റസാത്ത്, ജർസിസ്, വാദി ഐൻ, തർബൂക്, ഹംറാൻ, ഇശാത്ത് എന്നിവയാണ് സലാലയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ. വാദി ദർബാത്തിൽ ദോഫാർ അഡ്വഞ്ചർ ടീം ഒരുക്കിയിരിക്കുന്ന സിപ്ലൈനുകൾക്ക് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.
രണ്ട് സിപ്ലൈനുകളാണുള്ളത്. കുട്ടികൾക്കായി 60 മീറ്റർ നീളമുള്ളതും മുതിർന്നവർക്കായി 120 മീറ്റർ നീളമുള്ളതും. മുതിർന്നവർക്കായുള്ള സിപ്ലൈൻ വാദി ദർബാത്തിന് കുറുകെയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.