മൂന്നര ലക്ഷം കടന്ന് കോവിഡ് ബാധിതർ
text_fieldsമസ്കത്ത്: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 6,146പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് മഹാമാരി ബാധിച്ചവരുടെ എണ്ണം 3,52,187 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14പേർ മരിക്കുകയും ചെയ്തു. 4,158 ആളുകളാണ് ഇതോടെ കോവിഡ് പിടിപെട്ട് മരിച്ചത്. കഴിഞ്ഞ 72 മണിക്കൂറിനിടെ 6,640പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. രോഗം ശമനമായവരുടെ ആകെ എണ്ണം 3,19,220 ആയി. വ്യഴം-2524, വെള്ളി -1538, ശനി 2084 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ പ്രതിദിന രോഗബാധനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
373ആളുകളാണ് നിലവിൽ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നത്. ഇതിൽ 60 പേർ തീവ്രപരിചരണത്തിലാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ കോവിഡ് ബാധിതരേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണം കൂടുതലാണെന്നുള്ളത് ആശ്വാസം നൽകുന്ന കാര്യമാണ്. അതേസമയം ആശുപത്രിവാസവും മരണ നിരക്കും ഉയർന്നു തന്നെ നിൽക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 29 പേരാണ് മരിച്ചത്.
കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ആശുപത്രിവാസവും മരണനിരക്കും കുറവാണെന്നുള്ളത് ആശ്വാസം നൽകുന്ന കാര്യമായിരുന്നു. ജനുവരി 19മുതൽ കഴിഞ്ഞ ദിവസംവരെ ഒരു മരണമെങ്കിലും റിപ്പോർട്ട് ചെയ്യാതെ കടന്നു പോയിട്ടില്ല. ജനുവരിയിൽ മുപ്പത് പേരാണ് മരിച്ചത്. എന്നാൽ, ഡിസംബറിൽ മൂന്നും നവംബറിൽ രണ്ടും ആളുകൾ മാത്രമാണ് മരിച്ചിരുന്നത്.
തീവ്രപരിചരണ വിഭാഗത്തിൽ ഇനിയും കൂടുതൽ ആളുകൾ എത്തുകയാണെങ്കിൽ കാര്യങ്ങൾ സങ്കീർണമായേക്കും. രോഗികളുടെ വരവ് മുന്നിൽ കണ്ട് അധികൃതർ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഭയപ്പെടാനില്ലെന്നാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. നിലവിൽ 22,185 ആളുകളാണ് സുൽത്താനേറ്റിൽ കോവിഡ് ബാധിതരായി കഴിയുന്നത്.
മാസങ്ങളുടെ ഇടവേളക്ക് ശേഷം കോവിഡിന്റെ കുതിപ്പിന് സാക്ഷ്യം വഹിച്ചാണ് ജനുവരി കടന്നുപോയത്. 30 മരണങ്ങളും 33,000ൽ അധികം കോവിഡ് കേസുകളാണ് കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തത്. 2020 ഫെബ്രുവരിയിൽ മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഏറ്റവും ഉയർന്ന നാലാമത്തെ പ്രതിമാസ നിരക്കാണിത്. പ്രതിദിനം ശരാശരി 1,073 എന്ന നിലയിൽ 33,272 പേർക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ഡിസംബറിൽ ആകെ 1,068 പേർക്കായിരുന്നു മഹാമാരി പിടിപെട്ടത്. 2021 ജനുവരിയിലാണ് ഏറ്റവും ഉയർന്ന കേസുകൾ രാജ്യത്ത് രേഖപ്പെടുത്തുന്നത്.
51,321 ആളുകൾക്കായിരുന്നു അന്ന് രോഗം പിടിപെട്ടത്. രണ്ടാമത്തെ ഉയർന്ന നിരക്ക് 2020 ജൂലൈയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. 39,089 ആളുകൾക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാമത്തെ ഉയർന്ന പ്രതിമാസ നിരക്ക് 2021 ഏപ്രിലിലായിരുന്നു. 34,886പേരാണ് അന്ന് രോഗികളായത്.
രാജ്യത്തെ കോവിഡ് കേസുകളിൽ 99 ശതമാനവും ഒമിക്രോൺ മൂലമാണെന്ന് കണ്ടെത്തിയിരുന്നു. കോവിഡിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണ്. ഈയൊരു സാഹചര്യം മുന്നിൽ കണ്ടാണ് കോവിഡ് അവലോകന സുപ്രീം കമ്മിറ്റി ജനുവരി 21ന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
കോവിഡിനെതിരെ ബൂസ്റ്റർ ഡോസടക്കമുള്ള വാക്സിനേഷൻ നടപടികൾ വിവിധ ഗവർണറേറ്റുകളിൽ ഊർജിതമായി നടന്നു വരുകയാണ്. എന്നാൽ, കേസുകൾ കുതിച്ചുയരുമ്പോഴും ഒരു വിഭാഗം ആളുകൾ കോവിഡ് മാനദണഡങ്ങൾ പാലിക്കുന്നതിൽ അലസത കാണിക്കുന്നുണ്ടെന്ന പരാതി ഉയരുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.