ശേഖരിച്ചത് 6,600 ടണ്ണിലധികം ഖരമാലിന്യം
text_fieldsമസ്കത്ത്: പെരുന്നാൾ അവധി ദിനങ്ങളിൽ വിവിധ ഗവർണറേറ്റുകളിലെ നഗരങ്ങളിൽനിന്ന് ശേഖരിച്ചത് 6,600 ടണ്ണിലധികം ഖരമാലിന്യം. ഒമാൻ എൻവയോൺമെന്റൽ സർവിസസ് ഹോൾഡിങ് കമ്പനിയായ (ബീഹ്) ആണ് ഇക്കാര്യം അറിയിച്ചത്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 30 ശതമാനം വർധനവാണ് ഈ ദിനങ്ങളിൽ മാലിന്യത്തിൽ ഉണ്ടായിരിക്കുന്നത്.
ഏപ്രിൽ 30 മുതൽ മേയ് അഞ്ചുവരെയുള്ള ദിവസങ്ങളിൽ കമ്പനിക്ക് അതിെൻറ ദൈനംദിന പ്രവർത്തനങ്ങൾ ഇരട്ടിയാക്കേണ്ടി വന്നു. ഇതുവഴി ഇക്കാലയളവിൽ 40,000 ടണ്ണിലധികം നഗര മാലിന്യമാണ് ശേഖരിച്ചത്. പെരുന്നാൾ സമയത്ത് മാലിന്യം വർധിക്കുമെന്ന് മുന്നിൽ കണ്ട് ഓരോ ഗവർണറേറ്റിലും വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ സേവനം തടസ്സമില്ലാതെ നടത്താനായെന്ന് കമ്പനി അധികൃതർ അറിയിച്ചു. മാലിന്യങ്ങൾ ശേഖരിക്കാനും സംസ്കരിക്കാനും പ്രത്യേക ടീമുകൾ രൂപവത്കരിക്കുകയും ചെയ്തിരുന്നു. അവധിക്കാലത്ത് കമ്പനിക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് മനസ്സിലാക്കിയിരുന്നുവെന്ന് മുനിസിപ്പൽ വേസ്റ്റ് സെക്ടറിലെ ഓപറേഷൻസ് വിഭാഗം മേധാവി ഖമീസ് ബിൻ മർഹൂൺ അൽ സിയാബി പറഞ്ഞു.
മറ്റു ദിവസങ്ങളിലേക്കാൾ അധികം മാലിന്യമാണ് ഇത്തരം ദിവസങ്ങളിൽ ഉണ്ടാവുക. പലപ്പോഴും കശാപ്പ് ചെയ്ത മൃഗങ്ങളുടെ ശവശരീരങ്ങൾപോലും വേസ്റ്റ് ബിന്നുകളിൽ കാണപ്പെട്ടിരുന്നു. ഇവ പെട്ടെന്ന് സംസ്കരിച്ചിട്ടില്ലെങ്കിൽ മറ്റ് പ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പെരുന്നാൾ അവധി ആഘോഷിക്കാനെത്തിയവർ രാജ്യത്തെ പാർക്കുകളിലും ബീച്ചുകളിലും മാലിന്യം വലിച്ചെറിഞ്ഞിരുന്നത് അധികൃതർക്ക് തലവേദനയായിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ, ഡിസ്പോസിബിൾ ബാർബിക്യു, ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ കവറുകൾ തുടങ്ങിയവയായിരുന്നു അലക്ഷ്യമായി പലയിടത്തും വലിച്ചെറിഞ്ഞിരുന്നത്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനൊന്നും ഒരു വിലയും കൽപിക്കാതെയായിരുന്നു സന്ദർശകർ മാലിന്യം തള്ളിയിരുന്നത്. സമുദ്ര ജീവികളുടെ നിലനിൽപിന് ഭീഷണിയാകുന്ന പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കളാണ് പല ബീച്ചുകളിലും അശ്രദ്ധമായി ഇട്ടിരിക്കുന്നത്. പെരുന്നാൾ ആഘോഷിക്കാനായി ആയിര കണക്കിന് പേരാണ് പാർക്കുകളിലും ബീച്ചുകളിലുമായി എത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.