മൂന്നു മാസത്തിനുള്ളിൽ പ്ലാസ്റ്റിക് നിരോധനം വ്യാപിപ്പിക്കാൻ നീക്കം
text_fieldsമസ്കത്ത്: അടുത്ത മൂന്നു മാസത്തിനുള്ളിൽ ഒമാനിൽ പരമാവധി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ നീക്കം. ഇതിെൻറ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണിയും ചണയും കൊണ്ടുള്ള സഞ്ചികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശം നൽകുന്നു. മൂന്നു മാസത്തിനുള്ളിൽ പരമാവധി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്നാണ് 'ബിയ' അധികൃതർ വ്യാപാര സ്ഥാപനങ്ങൾക്ക് നൽകുന്ന നിർദേശം. പ്ലാസ്റ്റിക് നിരോധനം ശക്തമായി നടപ്പാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
നിർദേശിച്ച നിലവാരത്തിൽ കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികൾ നിർമിക്കുന്ന കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ 1000 റിയാൽ പിഴ നൽകേണ്ടിവരുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 1643/2020ാം നമ്പർ ഉത്തരവ് പ്രകാരം ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിലവാരം നിശ്ചയിച്ചിട്ടുണ്ടെന്നും ഇത് ലംഘിക്കുന്നവർ 1000 റിയാൽ പിഴ നൽകേണ്ടിവരുമെന്നും തെറ്റ് ആവർത്തിക്കുേമ്പാൾ പിഴ ഇരട്ടിക്കുമെന്നും ഉത്തരവിൽ പറയുന്നു.
അധികൃതർ നിയമം കർശനമാക്കിയതോടെ പ്ലാസ്റ്റിക് സഞ്ചികൾ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പിൻവലിഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിെൻറ ഭാഗമായി എല്ലാ ഹൈപ്പർമാർക്കറ്റുകളും പ്ലാസ്റ്റിക് സഞ്ചികൾക്ക് വില ഇൗടാക്കിത്തുടങ്ങി. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള സഞ്ചികൾ നൽകണമെന്നും സഞ്ചികൾക്ക് ചുരുങ്ങിയത് 50 ബൈസയെങ്കിലും ഇൗടാക്കണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി ഹൈപ്പർമാർക്കറ്റുകൾക്ക് നിർദേശം നൽകിയതായി അറിയുന്നു.
ഇതോടെ ഉപഭോക്താക്കൾക്ക് 50 മൈക്രോണിൽ കൂടുതൽ തൂക്കമുള്ള സഞ്ചികൾ സൗജന്യമായി നൽകിയിരുന്ന വ്യാപാര സ്ഥാപനങ്ങൾ സഞ്ചികൾ പിൻവലിച്ചു. നിലവിൽ എല്ലാ ഹൈപ്പർമാർക്കറ്റുകളും വില ഇൗടാക്കിയാണ് സഞ്ചികൾ നൽകുന്നത്. 50 ബൈസക്ക് 70 മൈക്രോണുള്ള സഞ്ചികളാണ് ചില ഹൈപ്പർമാർക്കറ്റുകൾ നൽകുന്നത്. 100, 150, 200 ബൈസക്ക് കൂടുതൽ ഗുണനിലവാരവും വലുപ്പവുമുള്ള സഞ്ചികളും ചില ഹൈപ്പർമാർക്കറ്റുകൾ മാർക്കറ്റിൽ ഇറക്കുന്നുണ്ട്.
ചെറുകിട സൂപ്പർ മാർക്കറ്റുകളിൽ ചെറിയ പർച്ചേസുകൾക്ക് സഞ്ചികൾ നൽകുന്നില്ല. ഒന്നുകിൽ വീട്ടിൽനിന്ന് സഞ്ചി കൊണ്ടുവരുകയോ അല്ലെങ്കിൽ കൈയിൽ പിടിച്ച് കൊണ്ടുപോവുകയോ വേണം. കഫറ്റീരിയകൾ പലതും പേപ്പർ ബാഗുകളാണ് ഉപയോഗിക്കുന്നത്. നിലവിൽ ഒമാനിൽ പ്ലാസ്റ്റിക് മാലിന്യം വളരെ കൂടുതലാണെന്നും മൊത്തം മാലിന്യത്തിെൻറ 28 ശതമാനം പ്ലാസ്റ്റിക്കാണെന്നുമാണ് കണക്കാക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിെൻറ ഇൗ കൂടിയ അളവ് മാലിന്യ ശുദ്ധീകരണത്തിന് വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്. കട്ടികുറഞ്ഞ പ്ലാസ്റ്റിക്കുകൾ പുനരുപയോഗിക്കാൻ സാധിക്കാത്തതും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കാനാണ് അധികൃതരുടെ പദ്ധതി.
ഇതിെൻറ ഭാഗമായി ബേക്കറി ഉൽപന്നങ്ങൾ, പച്ചക്കറി, മീൻ എന്നിവയിലും പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാനാണ് നീക്കം. ഇത് പ്രാവർത്തികമാക്കാൻ പ്രതിസന്ധികളുണ്ടെന്ന് വ്യാപാര മേഖലയിലുള്ളവർ പറയുന്നു. പ്ലാസ്റ്റിക് നിരോധനം അടക്കമുള്ള എല്ലാ വിഷയങ്ങളിലും സർക്കാർ തീരുമാനം പൂർണമായി നടപ്പാക്കുമെന്നും അതിൽ വരുന്ന നഷ്ടങ്ങൾ സഹിക്കാൻ തയാറാണെന്നും നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു.
അടുത്ത മൂന്ന് മാസക്കാലത്ത് തന്നെ പൂർണ പ്ലാസ്റ്റിക് നിരോധനത്തിനുള്ള അധികൃതരുടെ നിർദേശവും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കനം കുറഞ്ഞവ നിരോധിച്ചതിനാൽ 50 മൈേക്രാണുള്ള സഞ്ചികളാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും ഇത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണെന്നും റൂവിയിലെ ഫൈലാക് ഹോട്ടൽ മാനേജർ കെ.കെ. അബ്ദുറഹീം പറഞ്ഞു. സഞ്ചികൾക്ക് വില വർധിച്ചതിനാൽ ചെറിയ വിലക്കുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നവർക്ക് സഞ്ചി നൽകാൻ കഴിയില്ലെന്നും കടലാസ് സഞ്ചികൾ ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.