സഞ്ചാരവിലക്ക് നീക്കി; രാത്രി വ്യാപാരവിലക്ക് തുടരും
text_fieldsമസ്കത്ത്: വ്യക്തികളുടെയും വാഹനങ്ങളുടെയും രാത്രിയിലെ സഞ്ചാരത്തിന് ശനിയാഴ്ച മുതൽ വിലക്കില്ല. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച വിലക്ക് ഇനിയൊരറിയിപ്പു വരെ നീക്കുന്നതായി സുപ്രീംകമ്മിറ്റിയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ രാത്രി എട്ടുമുതൽ രാവിലെ നാലുവരെ വ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്താക്കളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കുന്നത് നിരോധിച്ചു. ഇതിൽനിന്ന് ഡെലിവറി, പാർസൽ സർവിസുകളെയും ഭക്ഷണശാലകളെയും ഒഴിവാക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നത് വിലക്കിയത് മിക്ക സ്ഥാപനങ്ങളെയും ബാധിക്കും.
വ്യാപാരകേന്ദ്രങ്ങളിലും കടകളിലും റസ്റ്റാറൻറുകളിലും കഫെകളിലും 50ശതമാനം ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിയമവും തുടരും. ഈ നിയമം പകൽസമയങ്ങളിലും ബാധകമാണ്. സർക്കാർ സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും ജീവനക്കാരിൽ 50ശതമാനം പേർ തൊഴിലിടങ്ങളിൽ തന്നെ ജോലിക്കെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. നേരത്തേ വീട്ടിൽനിന്ന് ജോലി ചെയ്യാനുള്ള ഇളവ് നൽകിയതാണ് ഇപ്പോൾ പിൻവലിച്ചത്. ജോലിസ്ഥലത്ത് എത്തിച്ചേരാത്ത പകുതി ജീവനക്കാർ വിദൂര സംവിധാനത്തിലൂടെ ഉത്തരവാദിത്തം നിർവഹിക്കണം. ഉത്തരവുകൾ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകൾക്കും ബാധകമാണ്.
കോവിഡിനെ പ്രതിരോധിക്കുന്നതിന് വ്യക്തികളും സ്ഥാപനങ്ങളും സ്വീകരിച്ചുവരുന്ന മുഴുവൻ സുരക്ഷ മുൻകരുതലുകളും തുടർന്നും നിർബന്ധപൂർവം സ്വീകരിക്കണമെന്നും മഹാമാരിയെ തടയുന്നതിൽ എല്ലാവരും പ്രതിജ്ഞബദ്ധരാകണമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സാധ്യമാകുന്ന എല്ലാ സ്വകാര്യ മേഖല കമ്പനികളും വർക് അറ്റ് ഹോം സംവിധാനം ഏർപ്പെടുത്തണമെന്നും ജോലിസ്ഥലങ്ങളിലെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സുപ്രീംകമ്മിറ്റി പ്രഖ്യാപിച്ച നിയന്ത്രണം നടപ്പാക്കുന്നതിന് പ്രവർത്തിച്ച റോയൽ ഒമാൻ പൊലീസ്, പബ്ലിക് പ്രോസിക്യൂഷൻ അടക്കമുള്ള മുഴുവൻ ഏജൻസികളെയും പ്രസ്താവനയിൽ അഭിനന്ദിച്ചു. ഒമാനിൽ കോവിഡിെൻറ പുതുതരംഗം ആശങ്കവിതച്ചതോടെയാണ് വിവിധ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇതിെൻറ പ്രതിഫലനമായി കഴിഞ്ഞ ആഴ്ചയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. പെരുന്നാൾ കാലത്ത് ആഘോഷം അതിരുവിടുന്നത് തടയാൻ ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.