എം.ടി അനുസ്മരണം ഭാഷാസ്നേഹ പ്രതിജ്ഞാ സംഗമമായി
text_fieldsമസ്കത്ത്: പ്രവാസി വെൽഫെയർ കലാ സാംസ്കാരിക വേദി മസ്കത്തിൽ സംഘടിപ്പിച്ച എം.ടി. വാസുദേവൻ നായർ അനുസ്മരണ സമ്മേളനം ഭാഷാസ്നേഹ പ്രതിജ്ഞാ സംഗമമായി.
മാതൃഭാഷാ സ്നേഹം ഉയർത്തിപ്പിടിക്കുന്നത് ഇപ്പോൾ പ്രവാസി കൂട്ടായ്മകളാണെന്നും വളർന്നു വരുന്ന മക്കളിൽ മലയാള ഭാഷാ സ്നേഹം വളർത്താൻ മാതാപിതാക്കൾ ബോധപൂർവം ശ്രമിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ സ്കൂൾ ദാർസൈത്ത് മലയാളം വിഭാഗം മേധാവി കല സിദ്ധാർത്ഥൻ അഭിപ്രായപ്പെട്ടു. എം.ടി തയാറാക്കിയ ഭാഷാ പ്രതിജ്ഞ സദസ്സിന് ചൊല്ലിക്കൊടുത്താണ് ടീച്ചർ പ്രഭാഷണം അവസാനിപ്പിച്ചത്.
എം.ടിയുടെ കഥകളും നോവലും സിനിമകളും എല്ലാം കവിത തുളുമ്പുന്ന കലാ സൃഷ്ടികളായതുകൊണ്ട് അദ്ദേഹം കഥാകൃത്ത് നോവലിസ്റ്റ്, പത്രാധിപർ എന്നതുപോലെ കവിയും, താൻ ജീവിച്ച കാലഘട്ടത്തെ അടയാളപ്പെടുത്തിയ രചനകൾ നിർവഹിച്ചതു കൊണ്ട് ചരിത്രകാരനുമാണെന്ന് ഇന്ത്യൻ സ്കൂൾ മസ്കത്ത് മലയാളം വിഭാഗം മേധാവി ബ്രിജി ടീച്ചർ പറഞ്ഞു.
മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും തൊട്ടറിഞ്ഞ കഥാപാത്ര സൃഷ്ടിയിലൂടെ സാഹിത്യത്തിലും സിനിമയിലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ എം.ടിക്ക് സാധിച്ചു എന്നത് മാത്രമല്ല ജാതി മത അതിർവരമ്പില്ലാത്ത വ്യക്തി ബന്ധങ്ങളിലൂടെ ജീവിച്ച് മാതൃക സൃഷ്ടിച്ചുകൊണ്ടാണ് എം.ടി കടന്ന് പോയതെന്ന് പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് മുനീർ മാസ്റ്റർ അഭിപ്രായപ്പെട്ടു.
നോട്ട് നിരോധനം, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിൽ ഫാസിസ്റ്റ് ഭരണകൂടങ്ങളെ വിമർശിക്കുക വഴി സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരൻ കൂടിയായിരുന്നു എം.ടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് ആസ്ഥാനമായി വളർന്നുവന്ന എം.ടി, ബഷീർ, എൻഴപി, പൊറ്റെക്കാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സാഹിത്യകാരൻമാരുടെ കൂട്ടായ്മ മനുഷ്യ സൗഹൃദത്തിന്റെ എക്കാലത്തെയും മാതൃകയാണെന്ന് അർഷദ് പെരിങ്ങാല അഭിപ്രായപ്പെട്ടു. ഇൻഫ്ലുവൻസർ റിൻസി വർഗീസ്, സൈദ് അലി ആതവനാട്, തഷ്റീന നൈസാൻ എന്നിവർ സിനിമ, വായനാ അനുഭവങ്ങൾ പങ്കുവെച്ചു. എം.ടിയുടെ ജീവിതം സാഹിത്യം സിനിമ എന്നിവ കോർത്തിണക്കി ജാഫർ വളപട്ടണം തയാറാക്കിയ ഡോക്യുമെന്ററി പ്രദർശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.