ഒമാനിൽ ഏഴ് തുറമുഖങ്ങൾ വികസിപ്പിക്കും; നിക്ഷേപങ്ങൾക്ക് അവസരമൊരുക്കി മന്ത്രാലയം
text_fieldsമസ്കത്ത്: സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും രാജ്യത്തിന്റെ ദേശീയ വരുമാനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏഴ് തുറമുഖങ്ങൾ വികസിപ്പിക്കും. ഖസബ്, ഷിനാസ്, ഷലീം, ഷാന്ന, മസിറ, മാഞ്ചി, സദ തുറമുഖങ്ങളാണ് ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വികസിപ്പിക്കാനൊരുങ്ങുന്നത്. ഈ തുറമുഖങ്ങൾ നടത്തുന്നതിനും മറ്റുമായി നിക്ഷേപങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ടെന്ന് ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് അൽ മാവാലി പറഞ്ഞു.
തന്ത്രപ്രധാന വിനോദസഞ്ചാര മേഖലകളെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സംരംഭവും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ദാഖിലിയ ഗവർണറേറ്റിനെയും സൗത്ത് ബത്തിനയെയും ബന്ധിപ്പിക്കുന്ന അൽ ഹംറ-ഹാത് റോഡ്, നിസ്വ വിലായത്തിലെ ജബൽ അഖ്ദർ റോഡ്, അൽ ഹംറ വിലായത്തിലെ ജബൽ ഷംസ് റോഡ്, തെക്കൻ ബാത്തിനയിലെ നഖ്ൽ വിലായത്തിന്റെ വാകൻ വില്ലേജ് റോഡ് തുടങ്ങിയ ചില പദ്ധതികൾ ഈ സംരംഭത്തിൽ ഉൾപ്പെടുന്നുണ്ട്. ബിദ്ബിദ്-റുസൈൽ റോഡിന്റെ നിർമാണങ്ങൾ പുരോഗമിക്കുകയാണെന്ന് ഗതാഗത വാർത്ത വിനിമയ വിതരണ മന്ത്രാലയത്തിലെ ഗതാഗത അണ്ടർ സെക്രട്ടറി ഖമീസ് ബിൻ മുഹമ്മദ് അൽ ഷാംഖി പറഞ്ഞു. മസ്കത്ത് ഗവർണറേറ്റിലേക്കുള്ള പ്രവേശന കവാടത്തിലെ തിരക്ക് കുറക്കാൻ രണ്ടു വരി പാത ഇരുവശത്തും നാലു വരികളായി വികസിപ്പിക്കും.
പുതിയ നാവിഗേഷൻ സംവിധാനം, ഇടത്തരം ചെറുകിട കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കായി ചെറുകിട സമുദ്ര വ്യവസായ മേഖലകൾ സ്ഥാപിക്കൽ, കപ്പലുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അൽ നൊമാനി പദ്ധതി എന്നിവയുൾപ്പെടെയുള്ള നിരവധി സംരംഭങ്ങൾ ദേശീയ വരുമാനത്തെ ഉത്തേജിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.