ഇനി സ്മാർട്ട് ഫോണിലൂടെ മുനിസിപ്പൽ കൗൺസിലറെ തെരഞ്ഞെടുക്കാം
text_fieldsമസ്കത്ത്: സുൽത്താനേറ്റിലെ വിലായത്തുകളിലെ മുനിസിപ്പൽ കൗൺസിലുകളിലെ അംഗങ്ങളെ ഇനി സ്മാർട്ട് ഫോൺ വഴി തെരഞ്ഞെടുക്കാം. ഈ മാസം രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ സ്മാർട്ട് ഫോൺ വഴി വോട്ട് രേഖപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. 'ഇൻതഖിബ്' എന്ന ആപ് ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ലോഞ്ച് ചെയ്തു. മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ, അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രാജ്യത്തിനകത്തും പുറത്തുമുള്ള വോട്ടർമാർക്ക് 'ഇൻതഖിബ്' ആപ് വഴി വോട്ട് രേഖപ്പെടുത്താം. ഐ.ഒ.എസ് ഫോണുകളിലും സ്മാർട്ട് ഫോണുകളിലും ആപ് ലഭിക്കും. ആപ് തെരഞ്ഞെടുപ്പ് നടപടികൾ സുഗമമാക്കുകയും സമയം ലാഭിക്കുകയും ചെയ്യുമെന്ന് ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അണ്ടർ സെക്രട്ടറിയും മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് സാങ്കേതികസമിതി തലവനുമായ ഡോ. അലി ബിൻ അമീർ ബിൻ അലി അൽ ശിതാനി പറഞ്ഞു.ഇന്റർനെറ്റ് സേവനമുള്ളവർ 'ഇൻതഖിബ്' ആപ്പിൽ ഐ.ഡി കാർഡ് വിവരങ്ങൾ നൽകിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ഇതിന് മുന്നോടിയായി വോട്ടർമാർ തിരിച്ചറിയൽ കാർഡുകളുടെ ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ സിസ്റ്റം (പി.കെ.ഐ) പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം.
അതേസമയം, 28 വനിതകൾ ഉൾപ്പെടെ 727 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്തിമ പട്ടിക തെരഞ്ഞെടുപ്പ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 41 അനുസരിച്ച്, അന്തിമ പട്ടിക പ്രഖ്യാപിക്കുന്ന തീയതി മുതൽ വോട്ടിങ് ദിവസത്തിന്റെ തലേദിവസം വരെ പ്രചാരണം നടത്താം. ബിൽ ബോർഡുകൾ, പ്രസിദ്ധീകരണങ്ങൾ, പ്രാദേശിക പത്രങ്ങൾ, വോട്ടർമാരുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ രീതികൾ പ്രചാരണത്തിന് സ്വീകരിക്കാം. ഡിസംബർ 18, 25 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒമാന് പുറത്തുള്ള വോട്ടർമാർക്ക് ഡിസംബർ 18നും രാജ്യത്ത് ഡിസംബർ 25നുമാണ് തെരഞ്ഞെടുപ്പ്. 3,46,965 വനിതകൾ ഉൾപ്പെടെ 7,31,767 വോട്ടർമാരാണ് ഇത്തവണയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.