വികസനത്തിന്റെ പുത്തൻ പാതയിലേക്ക് മുസന്ദം
text_fieldsമസ്കത്ത്: വികസനത്തിന്റെ പുത്തൻ പാതയിലേക്ക് ചുവടുവെക്കാനൊരുങ്ങി മുസന്ദം ഗവർണറേറ്റ്. വിവിധ വികസന പ്രവർത്തനങ്ങൾ നടക്കുന്നതായി പൈതൃക, ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു.
ഖസബ് വിലായത്തിൽ ബസ്സ ബീച്ച് വികസന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മുസന്ദത്തിന്റെ വികസത്തിന് ഈ വർഷം 3.5 ദശലക്ഷം റിയാൽ ചെലവഴിക്കുമെന്ന് ഖസബിലെ വാലി ഡോ. സഈ ബിൻ ഹുമൈദ് അൽ ഹർത്തി പറഞ്ഞു.
വരും വർഷങ്ങളിൽ വലിയ നിക്ഷേപങ്ങൾക്ക് രാജ്യം സാക്ഷ്യംവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2020 സെപ്റ്റംബറിൽ നാഷനൽ ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി ഖസബിലെ ബസ്സ ബീച്ച് വികസിപ്പിക്കുന്നതിന് സംസ്ഥാന മന്ത്രിയുടെയും മുസന്ദം ഗവർണറുടെയും ഓഫിസുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ബസ്സ ബീച്ച് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനായി പൊതുപാർക്കും സ്റ്റാർ റിസോർട്ടും നിർമിക്കുന്നതടക്കമുള്ളതായിരുന്നു കരാർ.
ഖസബ് വിമാനത്താവളത്തിനടുത്ത് നഗര മധ്യത്തിൽനിന്ന് ആറു കിലോ മീറ്റർ അകലെയാണ് ബസ്സ ബീച്ച്.
കായിക പ്രവർത്തനങ്ങളും വിനോദസഞ്ചാര പരിപാടികളും സംഘടിപ്പിക്കുന്നതിനായി ട്രയാത്ത്ലൺ മിഡിലീസ്റ്റുമായി സംസ്ഥാന മന്ത്രിയുടെയും മുസന്ദം ഗവർണറുടെയും ഓഫിസ് അടുത്തിടെ ഒരു കരാറിൽ ഒപ്പുവെച്ചു. ഗവർണറേറ്റിലെ നാലു വിലായത്തുകളുടെ ഭൂപ്രകൃതിയും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളും മുതലെടുക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.
കരാർ പ്രകാരം, ട്രയാത്ത്ലൺ മിഡിലീസ്റ്റ്, വിനോദസഞ്ചാര സ്ഥാപനങ്ങളുമായി സഹകരിച്ച് ഹൈക്കിങ് ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.