മുസന്ദം സിപ്ലൈൻ ഇന്ന് നാടിന് സമർപ്പിക്കും
text_fieldsമസ്കത്ത്: രാജ്യത്തെ സാഹസിക ടൂറിസത്തെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ മുസന്ദം ഗവർണറേറ്റിലെ സിപ്ലൈൻ പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയായിരിക്കും സിപ്ലൈന്‍ പ്രവര്‍ത്തിക്കുക. മാസങ്ങൾക്ക് മുമ്പ് ഡമ്മി ഉപയോഗിച്ച് നടത്തിയ പരീക്ഷണ പ്രവർത്തനങ്ങൾ വിജയകരമാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 25ന് സിപ്ലൈൻ ജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. സുരക്ഷാ നടപടികൾ പരിശോധിക്കുന്നതിനായി 700ലധികം ടെസ്റ്റ് റൈഡുകളാണ് നടത്തിയത്. ഖസബ് വിലായത്തിൽ ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്) ആണ് പദ്ധതിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. ജബൽ ഫിറ്റിൽനിന്ന് ആരംഭിച്ച് ഖോർ ഖാദിയുടെയും മോഖി പ്രദേശത്തിന്റെയും മനോഹരമായ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന തരത്തിൽ 1800 മീറ്റർ നീളത്തിലാണ് സിപ്ലൈനുള്ളത്. അത്താന ഖസബ് ഹോട്ടലുമായാണ് ഇതിന്റെ ലാൻഡിങ് പോയന്റ്.
സുൽത്താനേറ്റിലെ ഏറ്റവും ഉയരത്തിലുള്ള സിപ്ലൈനാണ് മുസന്ദത്തേത്. 220 മീറ്റർ ഉയരത്തിലാണിതുള്ളത്. പദ്ധതി യാഥാർഥ്യമായതോടെ സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾക്ക് മുസന്ദത്തിന്റെയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളുടെയും മനോഹാരിത അനുഭവിക്കാൻ കഴിയും. കഴിഞ്ഞ വർഷം മാർച്ചിലാണ് പദ്ധതിയുടെ നിർമാണം തുടങ്ങിയത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി നൂതന ബ്രേക്കിങ് സിസ്റ്റം, റൈഡർമാരെ സംരക്ഷിക്കുന്നതിനുള്ള ഹെൽമറ്റുകൾ, സുരക്ഷ ജാക്കറ്റുകൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. സിപ്ലൈൻ സൈറ്റിലേക്കുള്ള റോഡിന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്. ഏകദേശം 1500 മീറ്റർ ദൂരമുള്ള റോഡിന്റെ പണി കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആരംഭിച്ചത്.
കഴിഞ്ഞ വർഷം ആദ്യം മുസന്ദം ഗവർണറേറ്റിൽ ആരംഭിച്ച അഡ്വഞ്ചർ സെന്റർ പദ്ധതിയുടെ പ്രധാന ഭാഗമാണ് സിപ്ലൈൻ. ഇത് ഗവർണറേറ്റിന്റെ ടൂറിസം മേഖലയിൽ കൂടുതൽ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ടൂറിസ്റ്റ് ഗ്രൂപ്പുകളേയും സാഹസിക പ്രേമികളേയും ആകർഷിക്കുന്നതിനൊപ്പം പ്രദേശത്തെ വിനോദ, സാമ്പത്തിക മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. മുസന്ദത്തിലെ മറ്റ് നിരവധി ടൂറിസം വികസന പദ്ധതികളുടെ മേൽനോട്ടം പൈതൃക വിനോദസഞ്ചാര മന്ത്രാലയം വഹിക്കുന്നുണ്ട്. ഒ.ക്യു കമ്പനിയുടെ ധനസഹായത്തോടെ ദിബ്ബയിലെ പുരാവസ്തു സൈറ്റിൽ സന്ദർശക കേന്ദ്രം ഒരുക്കാനും പദ്ധതിയിലുണ്ട്. ഒരു മ്യൂസിയവും ഉൾപ്പെടുത്തും. കോവിഡ് മഹാമാരിക്ക് മുമ്പ് മുസന്ദത്ത് പ്രതിവർഷം 2,00,000 വിനോദസഞ്ചാരികൾ എത്തിയിരുന്നതായി പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
മുസന്ദം കാർണിവലിന് ഇന്ന് തുടക്കം
മസ്കത്ത്: വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നതിനും കുടുംബങ്ങൾക്ക് ഔട്ട്ഡോർ പ്രവർത്തനങ്ങൾ ആസ്വദിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മുസന്ദം ഗവർണറേറ്റിൽ ഏപ്രിൽ 26 മുതൽ 28 വരെ കാർണിവൽ സംഘടിപ്പിക്കും. ബസ്സ ബീച്ചിലായിരിക്കും കാർണിവൽ. നിരവധി വിനോദ പരിപാടികൾ, പരമ്പരാഗത പ്രാദേശിക ഭക്ഷണം, ഉൽപാദനക്ഷമതയുള്ള നിരവധി കുടുംബങ്ങളുടെ പങ്കാളിത്തം തുടങ്ങിയവയിലൂടെ മനോഹരമായ ഷോപ്പിങ് അനുഭവമായിരിക്കും കാർണിവലിലൂടെ കാണികൾക്ക് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.