മസ്കത്ത് വിമാനത്താവളം സൗത്ത് റൺവേ ഒക്ടോബറിൽ തുറക്കും
text_fieldsമസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗത്ത് റൺവേയുടെയും ടാക്സിവേകളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുകയാണെന്നും റൺവേ ഒക്ടോബറിൽ തുറക്കുമെന്നും ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. റൺവേയുടെ ഉപരിതല ഉറപ്പിക്കൽ ജോലികൾ പൂർത്തിയായതായും അന്തിമ പരിശോധനക്ക് മുമ്പ് റൺവേ ലൈറ്റിങ് സ്ഥാപിക്കുന്ന പണികൾ കൂടി പൂർത്തിയാക്കുമെന്നും അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
മസ്കത്ത് എയർപോർട്ടിലെ രണ്ട് റൺവേകളിൽ ഒന്നായ സൗത്ത് റൺവേ 1973ൽ സീബ് ഇന്റർനാഷനൽ എയർപോർട്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്തത്. 2014 ഡിസംബർ പകുതിയോടെ നോർത്ത് റൺവേ തുറക്കുന്നതുവരെ ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ സ്വീകരിക്കുന്നതിന് ഈ റൺവേയാണ് ഉപയോഗിച്ചിരുന്നത്. സൗത്ത് റൺവേയുടെ 500 മീറ്റർ നീളത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായത്.
വിമാനത്താവളത്തിന്റെ പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനായി നാല് അതിവേഗ പാതകൾ ഉൾപ്പെടെ ഒമ്പത് എക്സിറ്റ്, എൻട്രി ലെയ്നുകൾ വിമാനങ്ങൾക്കായി പുനരുദ്ധാരണത്തിൽ ചേർത്തതായും സി.എ.എ അറിയിച്ചു. ഇതുവഴി വലിയ വിമാനങ്ങൾ സ്വീകരിക്കാൻ സൗകര്യമൊരുക്കും. എക്സിറ്റ്, എൻട്രി കോറിഡോറുകളുടെ എണ്ണം കൂടുന്നതിനാൽ വിമാനങ്ങളുടെ വേഗത്തിലുള്ള ടേക്ക് ഓഫും എൻട്രിയും സാധ്യമാവുകയും ചെയ്യും.
സൗത്ത് റൺവേ തുറക്കുന്നതോടെ പ്രദേശവാസികൾക്ക് വിമാനം എത്തുമ്പോഴും പുറപ്പെടുമ്പോഴുമുള്ള ശബ്ദം കുറക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സി.എ.എ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.