ആവേശമായി മസ്കത്ത് ക്ലാസിക്; ടൂർ ഓഫ് ഒമാന് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: ടൂർ ഓഫ് ഒമാന് മുന്നോടിയായി നടന്ന മസ്കത്ത് ക്ലാസിക് ദീർഘദൂര സൈക്ലിങ് മത്സരം ആവേശം വിതറി. യു.എ.ഇ ടീം എമിറേറ്റ്സിലെ ന്യൂസിലൻഡുകാരനായ ഫിഷർ ബ്ലാക്ക് ഫിൻ മസ്കത്ത് ക്ലാസിക്കിന്റെ കിരീടം ചൂടി. 174.3 കിലോമീറ്റർ നാല് മണിക്കൂറും 27മിനിറ്റും 43 സെക്കൻഡുമെടുത്താണ് ഇദ്ദേഹം ഫിനിഷ് ചെയ്തത്.
സൗദൽ ക്വിക്ക് സ്റ്റെപ്പിന്റെ അമേരിക്കൻ സൈക്ലിസ്റ്റ് ലാമ്പേർട്ടി ലൂക്ക രണ്ടാം സ്ഥാനവും എറിക്ക ബി.എൻ.ബി ടീമിൽ നിന്നുള്ള ബെൽജിയൻ സൈക്ലിസ്റ്റ് അമരെ കാബെല്ലോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
രാവിലെ 11 മണിക്ക് അൽ മൗജ് മസ്കത്തിൽനിന്ന് ആരംഭിച്ച മത്സരം സീബിലെ കടൽപാത, മബേല ബ്രിഡ്ജ്, റുസൈൽ നിസ്വ റോഡ്, അമീറാത്ത് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ കടന്ന് സ്റ്റേറ്റ് കൗൺസിലിൽ ആണ് സമാപിച്ചത്. മത്സരാർഥികൾ കടന്നുപോയ വഴികളിലൂടെ റോയൽ ഒമാൻ പൊലീസ് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
റൈഡർമാർക്ക് ആവേശം പകരാൻ റോഡിന്റെ വശങ്ങളിൽ നിരവധി ആളുകൾ തടിച്ചു കൂടിയിരുന്നു. ഒമാൻ സൈക്ലിങ് അസോസിയേഷന്റെയും നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെ സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് മസ്കത്ത് ക്ലാസിക് രണ്ടാം പതിപ്പ് സംഘടിപ്പിച്ചത്.
അതേസമയം, 13ാമത് ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്കിളോട്ട മത്സരം ശനിയാഴ്ച ആരംഭിക്കും. ലോക പ്രശസ്ത സൈക്കിളോട്ട വിദഗ്ധർ അടങ്ങുന്ന 17 ടീമുകളാണ് ഈ വർഷം മത്സരത്തിൽ പങ്കെടുക്കുന്നത്. ബുധനാഴ്ചയാണ് മത്സരം സമാപിക്കുക. അഞ്ച് ദിവസങ്ങളിലായി 867 കിലോ മീറ്ററാണ് സൈക്കിളോട്ടക്കാർ പിന്നിടുക. ഒമാൻ ടീമും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. വലീദ് അൽ സമ്മിയാണ് ഒമാൻ ടീമിനെ നയിക്കുക.
അബ്ദുറഹ്മാൻ അൽ യാഖൂബി, മാസിൻ അൽ റിയാമി, മുഹമ്മദ് അൽ വഹൈബി, അബ്ദുല്ല അൽ ഗൈലാനി, മുന്ദർ അൽ ഹസനി, സൈദ് അൽ റബ്ഹി, സൈഫ് അൽ അംറി എന്നിവരാണ് ഒമാൻ ടീമിലുള്ളത്. ടൂർ ഒാഫ് എ ഒമാൻ ശനിയാഴ്ച മനയിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നിന്നാണ് ഒന്നാം ഘട്ടം ആരംഭിക്കുക.
181.5 കിലോമീറ്റർ പിന്നിട്ട ശേഷം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് ഒന്നാം ദിവസത്തെ മത്സരം അവസാനിക്കുക. രണ്ടാം ദിവസമായ ഞായറാഴ്ച മസ്കത്തിലെ അല സിഫിൽനിന്നാണ് മത്സരം ആരംഭിക്കുക. 170 .5 കിലോമീറ്റർ പിന്നിട്ട് മസ്കത്തിലെ വിവിധ ഭാഗങ്ങളിലൂടെ ഖുറിയാത്തിൽ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.