വെള്ളിവെളിച്ചത്തിൽ മിന്നിത്തിളങ്ങി മസ്കത്ത്
text_fieldsമസ്കത്ത്: മസ്കത്ത് ഗവർണറേറ്റുകളിലെ റോഡുകളിൽ പരമ്പരാഗത ലൈറ്റുകൾ മാറ്റി കൂടുതൽ കാര്യക്ഷമവും ഊർജ്ജ സംരക്ഷണം നൽകുന്നതുമായ പരിസ്ഥിതി സൗഹൃദ ലൈറ്റുകൾ സ്ഥാപിക്കുന്നതിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കി. 17,000 ലൈറ്റിങ് യൂനിറ്റുകളാണ് സ്ഥാപിച്ചത്.
അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റിയിലെ ലൈറ്റിങ് ആൻഡ് ട്രാഫിക് കൺട്രോൾ വിഭാഗത്തിലെ എൻജിനീയർ ഫൈസൽ ബിൻ അമിൻ അൽ സെദ്ജലി പറഞ്ഞു. പരമ്പരാഗത സോഡിയം വേപ്പർ ലാമ്പുകൾക്ക് പകരം എൽ.ഇ.ഡി വിളക്കുകളാണ് ഘടിപ്പിക്കുന്നത്. 2018ൽ ആണ് ആരംഭിച്ച പദ്ധതി മസ്കത്ത് ഗവർണറേറ്റിലെ എല്ലാ റോഡുകളും ഉൾക്കൊള്ളുന്നുണ്ട്. ആദ്യ ഘട്ടം 2020ൽ പൂർത്തിയായി.
മസ്കത്ത് ഗവർണറേറ്റിലെ സുൽത്താൻ ഖാബൂസ് റോഡ്, ഖുറയാത്ത്-ഫിൻസ് റോഡ്, ദാർസൈത്ത് പാലം, അൽ ഖുറം റോഡ്, നവംബർ 18 റോഡ്, ഗ്രാൻഡ് മോസ്ക് റോഡ് എന്നിങ്ങനെ പാതകളിലായി 7,400 വിളക്കുകളാണ് മാറ്റി സ്ഥാപിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ 17,000 യൂനിറ്റ് ലൈറ്റുകൾ സീബ്, ബൗഷർ, മത്ര, അമീറാത്ത്, മസ്കത്ത് എന്നീ വിലായത്തുകളുടെ റോഡുകൾ, സുൽത്താൻ ഖാബൂസ് റോഡിലെ അൽ ഖുറം-അൽ അത്തൈബ വിഭാഗം, മത്രയിലെ ചില പാലങ്ങൾ, സർവിസ് റോഡുകൾ എന്നിവിടങ്ങളിലാണ് സ്ഥാപിച്ചത്.
മൂന്നാം ഘട്ടത്തിൽ 30,000 ലൈറ്റിങ് യൂനിറ്റുകൾ മാറ്റിസ്ഥാപിക്കുമെന്നാണ് കരുതുന്നത്. ഇതേകുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ് അധികൃതർ. മൂന്നാം ഘട്ടത്തിനുള്ള ടെൻഡർ വിളികളും മറ്റും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഗവർണറേറ്റിൽ ഇതുവരെ ഒരു ലക്ഷത്തിലധികം വിളക്കുകൾ മാറ്റിസ്ഥാപിച്ചു. 2026ൽ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്. പുതിയ ലൈറ്റിങ് സംവിധാനം വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമാനം കുറക്കുകയും അറ്റകുറ്റപ്പണികളുടെയും കാർബൺ പുറന്തള്ളലിന്റെയും ചെലവ് കുറക്കുകയും ചെയ്തുവെന്ന് അൽ സെദ്ജലി പറഞ്ഞു.
മസ്കത്ത് മുനിസിപ്പാലിറ്റിയിലെ ലൈറ്റിങ് ആൻഡ് ട്രാഫിക് സിഗ്നൽ കൺട്രോൾ സെന്റർ കൂടുതൽ ട്രാഫിക് സിഗ്നലുകൾ കൂട്ടിച്ചേർക്കും. ഗവർണറേറ്റിലെ 98 ട്രാഫിക് സിഗ്നലുകൾക്കും മേൽനോട്ടം വഹിക്കുന്നതും ലൈറ്റുകൾ നിയന്ത്രിക്കുന്നതും റോഡ് ലൈറ്റിങ് പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതും കേന്ദ്രമാണ്. റോഡ് ലൈറ്റുകളുടെ ഊർജ ഉപഭോഗത്തെക്കുറിച്ചുള്ള പഠനങ്ങളും റിപ്പോർട്ടുകളും സെന്റർ തയാറാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.