മസ്കത്തിന് വിനോദസഞ്ചാര രംഗത്ത് അനന്തസാധ്യതകൾ -സെമിനാർ
text_fieldsമസ്കത്ത്: ഇനിയും ഉപയോഗപ്പെടുത്താത്ത അനന്തസാധ്യതകളാണ് വിനോദസഞ്ചാരരംഗത്ത് മസ്കത്തിനുള്ളതെന്ന് ഒമാൻ ടൂറിസം ഫോറം സംഘടിപ്പിച്ച രണ്ടാമത് സെമിനാർ. ഒമാൻ പൈതൃക ടൂറിസം മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ ആഗോള ഹോസ്പിറ്റാലിറ്റി ബ്രാൻഡായ ഹോർവാത്ത് എച്ച്.ടി.എൽ ഖുറം ക്രൗൺ പ്ലാസ ഹോട്ടലിലാണ് സെമിനാർ സംഘടിപ്പിച്ചത്. മന്ത്രാലയം അണ്ടർ സെക്രട്ടറി അസ്സാൻ ബിൻ ഖാസിം അൽ ബുസൈദി അധ്യക്ഷത വഹിച്ചു.
മസ്കത്തിനെ പശ്ചിമേഷ്യയുടെ സാംസ്കാരിക പൈതൃക തലസ്ഥാനമായി മാറ്റിയെടുക്കും വിധം മസ്കത്ത് ബിനാലെ കലാപ്രദർശനം സംഘടിപ്പിക്കുന്നത് സംബന്ധിച്ചാണ് സെമിനാർ പ്രധാനമായും ചർച്ച ചെയ്തത്. ഇതോടൊപ്പം പഴയ മസ്കത്ത് നഗരത്തിൽ ജല ടാക്സി ആരംഭിക്കുന്നതും ചർച്ചയായി. വിനോദ സഞ്ചാരരംഗത്തെ ആഗോള പ്രവണതകളും ഒമാനിലെ ഹോട്ടൽ, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും അവലോകനം ചെയ്തു. ഒമാന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവും തേച്ചുമിനുക്കി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിന്റെ സാധ്യതകൾ തേടേണ്ടതുണ്ടെന്ന് സെമിനാറിൽ സ്വാഗതം പറഞ്ഞ ഒമാനിലെ മുൻനിര അക്കൗണ്ടിങ് അഡ്വൈസറി സ്ഥാപനമായ ക്രോവ് ഒമാൻ മാനേജിങ് പാർട്ണർ ഡേവിസ് കല്ലൂക്കാരൻ പറഞ്ഞു.
ഈ ലക്ഷ്യം മുൻ നിർത്തി ക്രോവും ഒമാൻ ചേംബർ ഓഫ് കോമേഴ്സിന്റെ ടൂറിസം, വിദേശ നിക്ഷേപ കമ്മിറ്റികളും ഇന്തോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കോമേഴ്സും നടത്തിവന്ന ശ്രമങ്ങളുടെ പൂർണതയാണ് ടൂറിസം സെമിനാർ.
വിനോദം, തീം പാർക്ക്, ഇവൻറുകൾ, ആകർഷണങ്ങൾ എന്നിവയിലൂന്നിയായിരിക്കണം ടൂറിസം മേഖലയുടെ വികസനമെന്ന് ഹോർവാത്ത് എച്ച്.ടി.എൽ ഗ്ലോബൽ ഡയറക്ടർ ജെയിംസ് ചാപ്പൽ പറഞ്ഞു. ബജറ്റ് വിമാന കമ്പനി, ബജറ്റ് താമസ സൗകര്യം എന്നിവക്ക് വിനോദ സഞ്ചാരമേഖലയുടെ വികസനത്തിന് വിസ്മരിക്കാനാകാത്ത പങ്കാളിത്തമുണ്ട്. ഇതോടൊപ്പം സമൂഹമാധ്യമങ്ങളെയും ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ടെന്ന് ജെയിംസ് ചാപ്പൽ പറഞ്ഞു.
എച്ച്.ടി.എൽ സ്പെയിൻ സീനിയർ ഡയറക്ടർ ഫിലിപ്പ് ബേക്കൺ ഒമാനിലെ ഹോട്ടൽ, ടൂറിസം രംഗത്തെ കുറിച്ച് പ്രസന്റേഷൻ അവതരിപ്പിച്ചു. രാജ്യത്തെ എല്ലാത്തരം കോളജുകളിലും കലാപ്രദർശനത്തിന് പ്രത്യേക ഇടം അനുവദിക്കണമെന്ന് ഒമാൻ ബിനാലെയെ കുറിച്ച പ്രസന്റേഷനിൽ ലോക പ്രശസ്ത കലാകാരനും ആർട്ട് ക്യുറേറ്ററും കൊച്ചി ആർട്ട് ഫൗണ്ടേഷൻ പ്രസിഡൻറുമായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. പഴയ മസ്കത്ത് നഗരത്തിൽ ജലടാക്സി സേവനമാരംഭിക്കുന്നത് വഴി ബിനാലെക്ക് എത്തുന്നവരെ ആകർഷിക്കാനാകുമെന്ന് ഇന്ത്യയിൽ നിന്നുള്ള സമുദ്ര ഷിപ് ബിൽഡിങ് യാർഡ് സി.എം.ഡി ഡോ. ജീവൻ സുധാകരനും വെസ്റ്റ് കോസ്റ്റ് മറൈൻ യാച്ച് സർവിസ് ഡയറക്ടർ ജിതേന്ദ്ര റാമിയും ചൂണ്ടിക്കാട്ടി.
ഒമാനിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും തിരിച്ചറിയുന്നതിനായി പഠനം നടത്തേണ്ടതുണ്ടെന്ന് ക്രോവ് ഒമാൻ ഡയറക്ടർ രാജേഷ് പന്ത് സമാപന സെഷനിൽ പറഞ്ഞു. ക്രോവ് ഒമാൻ പാർട്ണർ അഡ്വൈസറി ആദെൽ മണിയാർ സമാപനം നിർവഹിച്ചു. ഫ്രാൻസ്, ഇറ്റലി, ലബനാൻ, ഫിലിപ്പീൻസ്, സ്പെയിൻ, ജർമനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡർമാരും ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ടൂറിസം, വിദേശ നിക്ഷേപ കമ്മിറ്റി, ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധികളടക്കമുള്ളവർ സെമിനാറിൽ പങ്കെടുത്തു.
ഉല്ലാസബോട്ടുകൾ, ബോട്ട് മറീന, ഹാർബറുകൾ, വാട്ടർ ടാക്സികൾക്കായുള്ള ഫ്ലോട്ടിങ് ടെർമിനലുകൾ തുടങ്ങിയവയുടെ രൂപകൽപനയും നിർമാണവും കൈമാറ്റവും സംബന്ധിച്ച് ഒമാനിലെ എം.എച്ച്.ഡി ഗ്രൂപ് ഓഫ് കമ്പനീസും വെസ്റ്റ് കോസ്റ്റ് മറീൻ യാച്ച് സർവിസസുമായുള്ള ധാരണപത്രവും സെമിനാന്റെ ഭാഗമായി ഒപ്പുവെച്ചു. ജല ടാക്സികൾക്കായുള്ള ഫൈബർ ഗ്ലാസ് ബോട്ടുകൾ നിർമിക്കുന്നതിനായി സംരംഭകർ സെമിനാറിൽ താൽപര്യമറിയിച്ചു.
ജലടാക്സികൾക്കായുള്ള ഫ്ലോട്ടിങ് ടെമർമിനലുകൾക്ക് സമീപം അപ്പാർട്മെൻറുകൾ, കൺവീനിയൻറ് സ്റ്റോറുകൾ, കഫേകൾ തുടങ്ങിയ റിയൽ എസ്റ്റേറ്റ് വികസന പദ്ധതികൾക്കും സാധ്യതയുള്ളതായി സെമിനാർ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.